പുത്തൂർ (കൊല്ലം): മാതാപിതാക്കൾക്കൊപ്പം ഒറ്റമുറിവീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. മാവടി തെങ്ങുവിള ജങ്ഷനുസമീപം ആറ്റുവാശ്ശേരി മണിമന്ദിരത്തിൽ മണിക്കുട്ടന്റെയും പ്രസന്നയുടെയും മകൻ ശിവജിത്ത് (പൊന്നു-5) ആണ് മരിച്ചത്. മാവടി ഗവ. എൽ.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാർഥിയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ശിവജിത്ത് മാതാപിതാക്കളോട് എന്തോ കടിച്ചതായി പറഞ്ഞു. വലതു കാൽമുട്ടിനോടുചേർന്ന് ചോരപൊടിയുന്നുണ്ടായിരുന്നു. അച്ഛനോടൊപ്പം നടന്നാണ് ശിവജിത്ത് ആശുപത്രിയിലേക്കു പോകാൻ റോഡിലേക്കുകയറിയത്. അവിടെനിന്നു സമീപഗ്രാമത്തിലെ വിഷവൈദ്യന്റെ അടുത്താണ് ആദ്യമെത്തിച്ചത്.

ഇവർ കുറച്ച് കുരുമുളക് ചവയ്ക്കാൻ നൽകിയത്രേ. ഇത് ചവച്ച് അല്പസമയത്തിനുള്ളിൽ അഭിജിത്ത് ഛർദിക്കുകയും തളരുകയും ചെയ്‌തെന്ന് പിതാവ് മണിക്കുട്ടൻ പറയുന്നു. ഉടൻ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു കൊട്ടാരക്കര താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പുകടിയേറ്റിട്ടുണ്ടെന്ന് ഇവിടെവെച്ചു സ്ഥിരീകരിച്ചു.

മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം മാവടി ഗവ. എൽ.പി.എസിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നാലാംക്ലാസ് വിദ്യാർഥി ശിവഗംഗയാണ് സഹോദരി.

Content Highlights: five-year-old boy died of a snake bite