കൊച്ചി: മത്തിയുടെ ലഭ്യതയിൽ വീണ്ടും വൻ കുറവ്. കഴിഞ്ഞ വർഷം ഇന്ത്യയിലാകെ 54 ശതമാനം കുറവാണ് മത്തിയിലുണ്ടായത്. കേരളത്തിൽ ഇത് 39 ശതമാനമാണ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) വാർഷിക പഠന റിപ്പോർട്ടിലാണ് മത്തിയുടെ പുതിയ കണക്കുകളുള്ളത്.

രാജ്യത്തെ ആകെ മത്സ്യോത്‌പാദനത്തിലും കുറവ് വന്നതായി സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. 2018-ൽ രാജ്യത്തെ ആകെ മത്സ്യോത്‌പാദനം 34.9 ലക്ഷം ടൺ ആണ്. മുൻ വർഷത്തെക്കാൾ ഒൻപത് ശതമാനം കുറവാണിത്.

രാജ്യത്തെ സമുദ്ര മത്സ്യോത്‌പാദനത്തിൽ കേരളം കഴിഞ്ഞ വർഷത്തെ പോലെ തന്നെ മൂന്നാമതാണ്. ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം. ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചത് എറണാകുളത്തെ മുനമ്പം തുറമുഖത്താണ്.

കഴിഞ്ഞ വർഷം രാജ്യത്തെ ലാൻഡിങ് സെന്ററുകളിൽ വിറ്റഴിക്കപ്പെട്ടത് 52,632 കോടി രൂപയുടെ മത്സ്യമാണ്. മുൻ വർഷത്തെക്കാൾ 0.4 ശതമാനമാണ് വർധന. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 80,320 കോടി രൂപയും മീൻ വിൽപ്പനയും നടന്നു.

ലാൻഡിങ് സെന്ററുകളിൽ ഒരു കിലോ മീനിന് ശരാശരി 152 രൂപ ലഭിച്ചു. വിലയിൽ 11.1 ശതമാനം വർധനയുണ്ടായി. ചില്ലറ വ്യാപാരത്തിൽ ശരാശരി വില 232 രൂപയായിരുന്നു. 13.4 ശതമാനമാണ് ഇതിലുണ്ടായ വർധന.

പത്രസമ്മേളനത്തിൽ ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രം (ഐ.സി.എ.ആർ.) അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. പി. പ്രവീൺ, സി.എം.എഫ്.ആർ.ഐ.യിലെ വിവിധ വകുപ്പ് മേധാവികളായ ഡോ. ടി.വി. സത്യാനന്ദൻ, ഡോ. സുനിൽ മുഹമ്മദ്, ഡോ. ജി. മഹേശ്വരുഡു, ഡോ. പി.യു. സക്കറിയ, ഡോ. പ്രതിഭ രോഹിത്, ഡോ. സി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

bbകേരളത്തിൽ കിട്ടിയത് 77,093 ടൺ മത്തിbb

ലഭ്യതയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മത്തി ഇപ്പോൾ രാജ്യത്ത് ഒൻപതാം സ്ഥാനത്താണ്. കേരളത്തിൽ കഴിഞ്ഞ വർഷം ആകെ 77,093 ടൺ മത്തിയാണ് ലഭിച്ചത്. 2017-ൽ ലഭിച്ചതിനെക്കാൾ ഏകദേശം 50,000 ടണ്ണിന്റെ കുറവാണുണ്ടായത്. എന്നാൽ, മറ്റ് മീനുകൾ കൂടിയതിനാൽ കടലിൽ നിന്നുള്ള സംസ്ഥാനത്തെ ആകെ മത്സ്യ ലഭ്യതയിൽ 10 ശതമാനം വർധനയുണ്ടായി. 2018-ൽ 6.42 ലക്ഷം ടൺ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. മുൻ വർഷം ഇത് 5.85 ലക്ഷം ടൺ ആയിരുന്നു.