നഷ്ടപരിഹാരത്തിന് ഉപഗ്രഹവിവരം നിര്‍ബന്ധമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഇന്‍ഷുര്‍ചെയ്യും. കടലില്‍ നഷ്ടമാവുന്ന യാനങ്ങളെ സംബന്ധിച്ച് ഉപഗ്രഹവിവരത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന രീതിയാണ് ആവിഷ്‌കരിക്കുന്നത്. വിവിധജില്ലകളിലായി 37,000-ത്തിലധികം യാനങ്ങളെ ഗുണഭോക്താക്കളാക്കാനാണ് ലക്ഷ്യം.

നേരത്തേ എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ലക്ഷ്യംകണ്ടില്ല. മത്സ്യബന്ധനയാനം തകര്‍ന്നതിന് തെളിവ് ഹാജരാക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത്. പുതിയരീതിയനുസരിച്ച് ബോട്ടോ, വള്ളമോ തകര്‍ന്നാല്‍ ഉപഗ്രഹസംവിധാനം വഴി സ്ഥിരീകരിച്ച് രേഖ ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറി നഷ്ടപരിഹാരം ലഭ്യമാക്കും.

ഇത്തരം വിവരം ലഭ്യമാക്കുന്നതടക്കമുള്ള പ്രവൃത്തി നിര്‍വഹിക്കുന്നതിന് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരമുള്ള കമ്പനിയെ ഇടനിലക്കാരായി നിയോഗിക്കും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നടന്നിരുന്നു. അഞ്ച് കമ്പനികള്‍ തയ്യാറായി എത്തിയിട്ടുണ്ട്.

മത്സ്യബന്ധനയാന ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കും ഇടയിലുള്ള എല്ലാ ജോലികളും നിര്‍വഹിക്കുക ഈ ഏജന്‍സി ആയിരിക്കും. യാനങ്ങളില്‍ ആവശ്യമായ ഉപകരണം ഘടിപ്പിക്കല്‍, വിവരശേഖരണം എന്നിവയും അവര്‍ നിര്‍വഹിക്കണം. ഇന്‍ഷുറന്‍സ് പ്രീമിയത്തിന് സര്‍ക്കാരും സഹായം നല്‍കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ മാത്രമാവും തിരഞ്ഞെടുക്കുക.

ഗുജറാത്തില്‍ ഉപഗ്രഹവിവരത്തിന്റെ അടിസ്ഥാനത്തില്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഇതേ മാതൃകയിലാവും സംസ്ഥാനത്തും പദ്ധതി നടപ്പാക്കുക. നിലവില്‍ മത്സ്യബന്ധനയാനം തകര്‍ന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പരമാവധി ഒരുലക്ഷം രൂപവരെയാണ് ലഭിക്കുക.