തോപ്പുംപടി: ആഴക്കടലില്‍ വിളക്കുകള്‍ പ്രകാശിപ്പിച്ചുള്ള മീന്‍പിടിത്തം (ലൈറ്റ് ഫിഷിങ്) കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. രണ്ട് ബോട്ടുകളില്‍ വലകള്‍ കെട്ടി മീന്‍ പിടിക്കുന്ന സമ്പ്രദായത്തിനും

(പെയര്‍ ട്രോളിങ്) വിലക്കേര്‍പ്പെടുത്തി. കേന്ദ്ര കൃഷി - മൃഗസംരക്ഷണ വകുപ്പാണ് ഉത്തരവിറക്കിയത്.

രാജ്യത്തെ മുഴുവന്‍ മത്സ്യബന്ധന യാനങ്ങള്‍ക്കും നിരോധനം ബാധകമാണ്. മത്സ്യങ്ങളെ ആകര്‍ഷിക്കുന്ന വിളക്കുകള്‍, എല്‍.ഇ.ഡി. വിളക്കുകള്‍, പ്രകാശമുണ്ടാക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് നിരോധനം. ജനറേറ്റര്‍ ഉപയോഗിച്ചോ, അല്ലാതെയോ ഇത്തരം വിളക്കുകള്‍ മീന്‍ പിടിക്കുന്നതിനായി ഉപയോഗിക്കരുത്.

ആഴക്കടല്‍ മീന്‍പിടിത്തത്തിന് യാനങ്ങളില്‍ എല്‍.ഇ.ഡി. വിളക്കുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഇതേ വകുപ്പ് 2016 ഓഗസ്റ്റ് 29-ന് പുറത്തിറക്കിയ മാര്‍ഗരേഖ പിന്‍വലിക്കുന്നതായും പുതിയ ഉത്തരവില്‍ പറയുന്നു.

മീന്‍പിടിത്ത യാനങ്ങള്‍ വിളക്കുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ തീര രക്ഷാസേന നടപടിയെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കടലിലാണ് വിളക്ക് ഉപയോഗിച്ചുള്ള മീന്‍പിടിത്തം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സംസ്ഥാനങ്ങളും ഇത്തരം മീന്‍പിടിത്തം തടയാന്‍ നടപടിയെടുക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ഗോവ, മഹാരാഷ്ട്ര, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളക്ക് ഉപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമാണ്. ഇത് മത്സ്യസമ്പത്തിന്റെ അമിത ചൂഷണത്തിനും അതുവഴി ഉത്പാദനക്കുറവിനും വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന്റെ അതിര്‍ത്തിക്കടലില്‍ നേരത്തേ തന്നെ ലൈറ്റ് ഫിഷിങ് വിലക്കിയിട്ടുള്ളതാണ്.

എന്നാല്‍ പല മേഖലകളിലും ഈ രീതിയില്‍ മീന്‍പിടിത്തം നടക്കുന്നുണ്ട്. ഈ രീതിയില്‍ മീന്‍പിടിച്ചാല്‍ തടയാന്‍ സംവിധാനമില്ല. ആഴക്കടലില്‍ ഇത്തരം മീന്‍പിടിത്തം തടയാന്‍ കോസ്റ്റ് ഗാര്‍ഡിനെ ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ വിളക്കുകള്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍ക്കെതിരേ നടപടിക്ക് സാധ്യതയുണ്ട്.

നടപടി കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയ്ക്ക് ഗുണകരമാകും. പെയര്‍ ട്രോളിങ് നിരോധനവും സ്വാഗതാര്‍ഹമാണ്.

- ചാള്‍സ് ജോര്‍ജ് (മത്സ്യത്തൊഴിലാളി ഐക്യവേദി കണ്‍വീനര്‍)

കടലിലെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന ലൈറ്റ് ഫിഷിങ് നിരോധിച്ച നടപടി പരമ്പരാഗത മേഖലയ്ക്ക് വലിയ നേട്ടമാകും.

- വി.ഡി. മജീന്ദ്രന്‍ (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്)

നിരോധനം ഗുണകരം-ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, ബോട്ടുടമ അസോസിയേഷന്‍).