കൊച്ചി: മീനുകളെ പിടിക്കുന്നതിനുള്ള കുറഞ്ഞ വലിപ്പം (മിനിമം ലീഗല്‍ സൈസ്) നിശ്ചയിക്കുന്ന പട്ടികയില്‍ 44 ഇനം മത്സ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിനു നല്‍കുമെന്ന് ഫിര്‍മ (ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് സൊസൈറ്റി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. സഹദേവന്‍ അറിയിച്ചു. സര്‍ക്കാര്‍ വിജ്ഞാപനം ഉടനുണ്ടാകും. നെയ്മീന്‍, ചൂര, മോത, നങ്ക്, ആവോലി, കോര, കലവ, തിരണ്ടി, ഉടുപ്പൂരി, കണവ, കൂന്തല്‍ തുടങ്ങിയ മത്സ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കടലിലെ മത്സ്യസമ്പത്ത് കൂട്ടാനും അവിടത്തെ പരിസ്ഥിതിയെ ആരോഗ്യകരമായി നിലനിര്‍ത്താനും വേണ്ടി ഫിഷറീസ് വകുപ്പും മീന്‍പിടിത്ത മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമാണ് മിനിമം ലീഗല്‍ സൈസിനു ശുപാര്‍ശ ചെയ്തത്. മീനുകളെ പിടിക്കാനുള്ള കുറഞ്ഞ വലിപ്പം നിശ്ചയിച്ചത് കേന്ദ്ര മത്സ്യഗവേഷണ സ്ഥാപന(സി.എം.എഫ്.ആര്‍.ഐ.)മാണ്. 58 ഇനം മത്സ്യങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താനായിരുന്നു അവരുടെ നിര്‍ദേശം. എന്നാല്‍, 14 ഇനങ്ങളെ ആദ്യം പട്ടികയില്‍ ഉള്‍പ്പെടുത്തി. ബാക്കിയുള്ള 44 ഇനങ്ങളെയാണ് ഇപ്പോള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നത്.

ഒരു നിയമതടസ്സവും ഇല്ലാതിരുന്നിട്ടും പണ്ട് കടലില്‍ പോയിരുന്നവര്‍ ചെറിയ മീനുകളെ പിടിച്ചിരുന്നില്ല. വലയില്‍ അകപ്പെടുന്ന നിശ്ചിത വലിപ്പത്തില്‍ കുറഞ്ഞ കുഞ്ഞുമീനുകളെയും മറ്റു ജീവികളെയും കടലില്‍ത്തന്നെ ഇടുകയായിരുന്നു അവരുടെ പതിവ്. അവ വളര്‍ന്നു വലുതായാല്‍ പിന്നീട് തങ്ങള്‍ക്കു തന്നെ പിടിക്കാമെന്നും കടലിന്റെ സമ്പത്ത് നിലനിര്‍ത്താന്‍ അവയെ വളരാന്‍ അനുവദിക്കണമെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാല്‍ ചെമ്മീന്‍കെട്ടുകളില്‍ തീറ്റയുണ്ടാക്കാനായി കടലില്‍നിന്ന് ചെറുമീനുകളെ പിടിക്കാന്‍ തുടങ്ങിയത് വിനയായി. വന്‍കിട ബോട്ടുകാര്‍, മീനിനോടൊപ്പം തന്നെ ചെറുമീനുകളെയും കച്ചവടം ചെയ്തു കൊള്ളലാഭം നേടാന്‍ ആരംഭിച്ചു. ഇത് അപകടകരമായ നിലയിലേക്കു കടലിനെ എത്തിക്കമെന്നു കണ്ടാണ് കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനവും സമുദ്രോത്പന്ന വികസന അതോറിറ്റിയും മറ്റും ചെറുമീന്‍പിടിത്തത്തിനെതിരെ രംഗത്തു വരുന്നത്.

കര്‍ശനമായ പരിശോധനയും തുടര്‍നടപടികളും ഉണ്ടെങ്കില്‍ മാത്രമേ, ചെറുമീന്‍ പിടിത്തം തടയാന്‍ കഴിയുകയുള്ളൂ എന്ന് മീന്‍പിടിത്ത തൊഴിലാളികള്‍ പറയുന്നു. ചെറുമീനുകളെ പിടിക്കുന്നത് കടലില്‍ ചെന്ന് തടയാന്‍ അധികൃതര്‍ക്ക് പരിമിതികള്‍ ഏറെയുണ്ട്. അതിനാല്‍, ചെറുമീനിനെ പിടിക്കുന്നതിനു പുറമെ, അത് സംഭരിക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും കൊണ്ടുപോകുന്നതുമെല്ലാം കുറ്റകരമാക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്.