ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് പട്ടികവര്‍ഗക്കാര്‍ക്ക് ലഭിക്കുന്നതിനു തുല്യമായ ആനുകൂല്യങ്ങള്‍ ഇനി മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാവും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് പട്ടികവര്‍ഗക്കാരുടേതിന് സമാനമായ മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി കെ.ടി.ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും പൂര്‍ണമായും സൗജന്യമായാണ് നല്കുന്നത്. ഇത് മത്സ്യത്തൊഴിലാളികള്‍ക്കും ബാധകമാക്കും.മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ വ്യക്തിഗത ആനുകൂല്യം നല്കുമ്പോള്‍ 50 ശതമാനം ഗുണഭോക്താവ് വഹിക്കണമെന്നാണ് വ്യവസ്ഥ. പുതിയ തീരുമാനമനുസരിച്ച് ഇത് പൂര്‍ണമായി സൗജന്യമാകും.

ആനുകൂല്യങ്ങള്‍ക്കായി പട്ടികവര്‍ഗക്കാരെ തിരഞ്ഞെടുക്കുന്ന അതേ മാനദണ്ഡത്തിലാവും അംഗീകൃത മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും വ്യക്തികളെയും ഇനി തിരഞ്ഞെടുക്കുക. അതു നടപ്പാക്കുന്നതിന് ഫിഷറീസ് വകുപ്പില്‍നിന്ന് പ്രത്യേകം ഉദ്യോഗസ്ഥരെ വിട്ടു നല്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പട്ടികവര്‍ഗ വിഭാഗത്തെപ്പോലെ മത്സ്യത്തൊഴിലാളികളെയും കണ്ടുകൊണ്ടുള്ള നടപടികളുടെ മുന്നോടിയാണിതെന്ന് പറയുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എടുത്ത തീരുമാനം ഉത്തരവായി വരുന്നമുറയ്ക്ക് പ്രാബല്യത്തിലാകും.

ത്രിതല പഞ്ചായത്തുകള്‍വഴി നല്കുന്ന ആനുകൂല്യങ്ങള്‍ മാത്രമാണ് പുതിയ തീരുമാനമനുസരിച്ച് ലഭിക്കുക. സാധാരണ തദ്ദേശ വകുപ്പ് എടുക്കുന്ന തീരുമാനം മറ്റ് വകുപ്പുകളും അംഗീകരിക്കാറുണ്ട്. ഇത് മറ്റ് വകുപ്പുകളും അംഗീകരിച്ചാല്‍ വലിയ രീതിയിലുള്ള നേട്ടമാണ് ഈ വിഭാഗത്തിന് ലഭിക്കുക. സംസ്ഥാനത്ത് 14 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. അതില്‍ 11 ലക്ഷത്തലധികം പേരും താമസിക്കുന്നത് തീരദേശ മേഖലയിലാണ്.