തിരുവനന്തപുരം: കടൽക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനുള്ള പ്രത്യേക പുനരധിവാസ പദ്ധതിക്കു മന്ത്രിസഭായോഗം അനുമതി നല്കി. കടൽത്തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ അവിടെനിന്ന് സ്വയം ഒഴിയാൻ തയ്യാറായാൽ അവർക്ക് വീട് നിർമാണത്തിനായി 10 ലക്ഷം രൂപയോ അല്ലെങ്കിൽ ഫ്‌ളാറ്റ് നിർമിച്ചു നൽകുകയോ ചെയ്യുന്നതാണ് പദ്ധതി.

സംസ്ഥാന തീരപ്രദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,865 കുടുംബങ്ങൾ കടൽക്ഷോഭ ഭീഷണി നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇവരെ പുനരധിവസിപ്പിക്കാനായി ഫിഷറീസ് വകുപ്പാണ് പദ്ധതി തയ്യാറാക്കുന്നത്. ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു കണ്ടെത്തും.

ആരെയും തീരത്തുനിന്ന് നിർബന്ധിച്ചു കുടിയൊഴിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകുന്നവരെ ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തും. ഭൂമി വാങ്ങി വീടുനിർമിക്കാൻ തയ്യാറാകുന്നവർക്കാണ് പത്തുലക്ഷം രൂപ നൽകുന്നത്. ഭൂമി വാങ്ങാൻ ആറു ലക്ഷവും വീടു നിർമിക്കാൻ നാലു ലക്ഷവും ഇതിൽനിന്ന് ചെലവിടാം. മറ്റുള്ളവരെ ഫിഷറീസ് വകുപ്പ് നിർമിക്കുന്ന ഫ്‌ളാറ്റുകളിൽ പുനരധിവസിപ്പിക്കും.

Content Highlights: fishermen-special rehabilitation project-kerala government