കോട്ടയ്ക്കൽ: അടച്ചിടൽ കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാനസർക്കാർ നൽകിയത് നേരത്തേ പ്രഖ്യാപിച്ച ധനസഹായം. 2019 നവംബറിൽ കടൽക്ഷോഭത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ച രണ്ടായിരംരൂപയുടെ ധനസഹായമാണ് ലോക്ഡൗൺ കാലത്ത് വിതരണംചെയ്തത്. അടച്ചിടൽ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് 2000 രൂപ വീതവും അനുബന്ധതൊഴിലാളികൾക്ക് 1000 രൂപവീതവും നൽകുമെന്ന് ഏപ്രിൽ എട്ടിന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.

ലോക്ഡൗണിൽ പുതിയ പദ്ധതിയെന്ന നിലയിലായിരുന്നു ക്ഷേമനിധിയിൽ അംഗങ്ങളായവർക്കുള്ള ഈ സഹായപ്രഖ്യാപനം. 31.12 കോടിയാണ് ഇതിനു ചെലവ്. തീരമേഖലയിലെ 1,60,000 കുടുംബങ്ങൾക്ക് നേരിട്ട് ഗുണംലഭിക്കുന്ന സഹായപദ്ധതിയുടെ തുക ഏപ്രിൽ പത്തുമുതൽ അക്കൗണ്ടിലെത്തുമെന്നും മന്ത്രിസഭാതീരുമാനമെന്ന നിലയിൽ മന്ത്രി അറിയിച്ചിരുന്നു.

തുക ഏപ്രിലിൽത്തന്നെ വിതരണവും തുടങ്ങി. പക്ഷേ, തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ 2019 നവംബറിൽ കടൽക്ഷോഭത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ച രണ്ടായിരംരൂപയുടെ ധനസഹായ ഉത്തരവുതന്നെയാണ് പരാമർശമായി വെച്ചിട്ടുള്ളത്. ലോക്ഡൗൺ കെടുതിയെക്കുറിച്ച് പരാമർശമില്ല.

2019-ലെ പ്രസ്തുത ധനസഹായം റദ്ദാക്കിയതാണെന്നും ലോക്ഡൗൺ ധനസഹായംതന്നെയാണ് ഇപ്പോൾ നൽകിയതെന്നുമാണ് വകുപ്പുമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. എന്നാൽ കടൽക്ഷോഭദുരന്തത്തിനുള്ള ധനസഹായമാണിതെന്നും ലോക്ഡൗൺ ധനസഹായത്തെക്കുറിച്ച് തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഫിഷറീസിന്റെ ജില്ലാ ഓഫീസുകൾ പറയുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് വിശദീകരണമൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ ലോക്ഡൗൺ സഹായം ഇനി വേറെ ലഭിക്കുമോ എന്ന മത്സ്യത്തൊഴിലാളികളുടെ ചോദ്യത്തിന് ജില്ലാ ഓഫീസുകൾക്ക് മറുപടിപറയാൻ കഴിയുന്നില്ല.

തുക ഉടൻ നൽകണം

ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് 2019-ൽ പ്രഖ്യാപിച്ച ധനസഹായംതന്നെയാണ്. ലോക്ഡൗൺ ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച തുക ഉടൻ നൽകാൻ തയ്യാറാവണം. പ്രത്യേക ആശ്വാസപാക്കേജ് വേണം. -ഉമ്മർ ഒട്ടുമ്മൽ, സംസ്ഥാനപ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ(എസ്.ടി.യു.)

Content Highlights: fishermen received previously announced funding