ആലപ്പുഴ: കേന്ദ്ര ഫിഷറീസ് മന്ത്രാലയം പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ മീൻപിടിത്തമേഖലയ്ക്ക് കുറഞ്ഞനിരക്കിൽ മണ്ണെണ്ണ വിഹിതം അനുവദിച്ചേക്കും. മേഖലയ്ക്കായി വരുന്ന ബജറ്റിൽ പ്രത്യേക പാക്കേജ് പരിഗണിക്കുമ്പോൾ മീൻപിടിത്ത വള്ളങ്ങൾക്ക് സബ്സിഡി മണ്ണെണ്ണയും ഉൾപ്പെടുത്താനാണ് സാധ്യത. സംസ്ഥാനത്തെ മത്സ്യതൊഴിലാളി സംഘടനാ നേതാക്കൾക്ക് ഇതുസംബന്ധിച്ച് ബി.ജെ.പി. ദേശീയ നേതാക്കൾ സൂചന നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതി, കടലാക്രമണം തടയാനുള്ള ശാസ്ത്രീയ പദ്ധതികൾ, മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് എന്നിവ പ്രഖ്യാപിച്ചേക്കും.

2019 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് ഫിഷറീസ് മന്ത്രാലയം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ടാം നരേന്ദ്രമോദി സർക്കാറിൽ ഫിഷറീസ് മന്ത്രിയായി ഗിരിരാജ് സിങ്ങിനെ നിയമിച്ചിരുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പണിപ്പുരയിലാണ്.

സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും സമ്മർദത്തെത്തുടർന്നാണ് ഫിഷറീസ് മന്ത്രാലയ നീക്കവുമായി കേന്ദ്രം മുന്നോട്ടുപോയത്. ഗാർഹികാവശ്യത്തിനായി കേന്ദ്രം റേഷൻ കടവഴി സബ്സിഡി മണ്ണെണ്ണ നൽകുന്നുണ്ട്. ഇതേ മാതൃകയിൽ മീൻപിടിത്തമേഖലയ്ക്കും മണ്ണെണ്ണ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മണ്ണെണ്ണ വിഹിതം നേരത്തേ ആവശ്യപ്പെട്ടിരുന്നു

മീൻപിടിത്ത മേഖലയ്ക്കായി പ്രത്യേക മണ്ണെണ്ണ വിഹിതം നൽകണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെക്കണ്ട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നടപടിയുണ്ടായിട്ടില്ല.-ജെ. മേഴ്സിക്കുട്ടിയമ്മ, സംസ്ഥാന ഫിഷറീസ് മന്ത്രി

ഫിഷറീസ് മന്ത്രാലയം മണ്ണെണ്ണ അനുവദിക്കും

കേന്ദ്ര ഫിഷറീസ് മന്ത്രാലയം പ്രത്യേകമായി സബ്സിഡി നിരക്കിൽ മണ്ണെണ്ണ അനുവദിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് പ്രധാനമന്ത്രി എത്തിയപ്പോൾ ഒരുലക്ഷം പേർ ഒപ്പിട്ട നിവേദനം നൽകിയിരുന്നു. അനുകൂലമായിരുന്നു പ്രതികരണം.-പി. സ്റ്റെല്ലസ്, സംസ്ഥാന പ്രസിഡന്റ്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ

content highlights: fishermen may get kerosene at low cost