തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം കാരണം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അഞ്ചുകിലോ അരി സ്പെഷ്യൽ വിഹിതമായി വിതരണം ചെയ്യും. സംസ്ഥാന ഫിഷറീസ് വകുപ്പിൽനിന്ന് ലഭിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുക. പണം സിവിൽ സപ്ലൈസ് വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതത്തിൽനിന്ന് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന പദ്ധതിക്കായി ജർമൻ ഫണ്ടിങ് ഏജൻസിയായ കെ.എഫ്.ഡബ്ല്യു.വിൽനിന്ന് 18 ലക്ഷം യൂറോ സാമ്പത്തികസഹായം ലഭിക്കാൻ കെ.എം.ആർ.എൽ. സമർപ്പിച്ച പദ്ധതിക്കരാറും അതിനായുള്ള സാമ്പത്തികക്കരാറും മന്ത്രിസഭ അംഗീകരിച്ചു.

മറ്റു തീരുമാനങ്ങൾ

* കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ പ്രസൂതിതന്ത്ര, സ്ത്രീരോഗ, കൗമാരഭൃത്യ എന്നീ ഒ.പി. വിഭാഗങ്ങൾ ആരംഭിക്കാൻ 22 സ്ഥിരം തസ്തികകളും 15 ദിവസവേതനാടിസ്ഥാനത്തിലുള്ള തസ്തികകളും സൃഷ്ടിക്കും.

* ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനുള്ള സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപ്പറേഷന്റെ സർക്കാർ ഗാരന്റി തുക 20 കോടിയിൽനിന്ന് 30 കോടി രൂപയാക്കും.

* ഫിഷറീസ് വകുപ്പിനുകീഴിൽ ഒന്നാംഘട്ടമായി 16 ഉൾനാടൻ മത്സ്യഭവനുകൾ ആരംഭിക്കും. ഇതിലേക്ക് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറുടെയും സബ് ഇൻസ്‌പെക്ടർ ഓഫ് ഫിഷറീസിന്റെയും 16 വീതം തസ്തികകൾ സൃഷ്ടിക്കും.

* ശുചിത്വമിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി.), അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യു.എം.) എന്നിങ്ങനെ 14 തസ്തികകൾവീതം സൃഷ്ടിക്കും.

* സമഗ്രശിക്ഷാ കേരളയിലെ സ്റ്റാഫ് ഘടന അംഗീകരിച്ച് 40 അധികതസ്തികകൾ അനുവദിച്ച ഉത്തരവ് സാധൂകരിച്ചു.

* നാഷണൽ പെൻഷൻ സ്‌കീം റിവ്യൂ കമ്മിറ്റിയുടെ തുടർപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചു.

യു.എ. ഖാദറിന്റെ ചികിത്സയ്ക്ക് പത്തുലക്ഷം

സാഹിത്യകാരൻ യു.എ. ഖാദറിന്റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പത്തുലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

എൻ. സതീഷ് സപ്ലൈകോ സി.എം.ഡി.

* രജിസ്‌ട്രേഷൻ ഐ.ജി. കെ.എൻ. സതീഷിനെ സപ്ലൈകോ സി.എം.ഡി.യായി നിയമിച്ചു. എം.എസ്. ജയ വിരമിച്ച ഒഴിവിലാണ് നിയമനം.

* ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി. ശ്രീധരൻനായരുടെ നിയമനകാലാവധി മൂന്നുവർഷത്തേക്ക് ദീർഘിപ്പിച്ചു. സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹന്റെ നിയമനകാലാവധിയും മൂന്നു വർഷത്തേക്കു നീട്ടി.

* കേരള ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവ. പ്ലീഡർമാരായി നിയമിതരായിട്ടുള്ള എൻ. മനോജ്കുമാർ, എം.ആർ. ശ്രീലത, പി. സന്തോഷ്‌കുമാർ എന്നിവരുടെയും സീനിയർ ഗവ. പ്ലീഡർമാരായി നിയമിതരായിട്ടുള്ള പി. നാരായണൻ, പി.പി. താജുദീൻ, പി.എൻ. സന്തോഷ്‌കുമാർ, നിഷ ബോസ് എന്നിവരുടെയും ഔദ്യോഗിക കാലാവധി മൂന്നുവർഷത്തേക്കുനീട്ടി.

* എറണാകുളം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഗവ. പ്ലീഡറായ എം. രാജീവിന്റെ നിയമന കാലാവധി മൂന്നുവർഷത്തേക്കുനീട്ടി.

Content Highlights: fishermen-free ration