കൊച്ചി: കടപ്പുറത്തുപോയി വാങ്ങിയാൽ നല്ല മീൻ കിട്ടുമെന്നൊരു വിശ്വാസമുണ്ടായിരുന്നു. അതും ഇല്ലാതാകുന്നു. ഇപ്പോൾ ചില മറുനാടൻ ബോട്ടുകാർ കടലിൽപ്പോയി കൊണ്ടുവരുന്നത് ചീയാൻ തുടങ്ങുന്ന കോരയും ചൂരയും കുടുതയുമാണ്.

ലക്ഷദ്വീപിലെ മീൻപിടിത്തക്കാരിൽനിന്ന്‌ വാങ്ങുന്ന പഴകിയ മീനാണ് ഇങ്ങനെ കേരളത്തിൽ വിൽപ്പനയ്ക്കെത്തുന്നത്. ലക്ഷദ്വീപിലെ മീൻപിടിത്തക്കാർ പിടിച്ച് സംഭരിച്ച, ദിവസങ്ങളോളം പഴക്കമുള്ള മീനാണ് മറുനാടൻ ബോട്ടുകാർ കേരളത്തിലെത്തിക്കുന്നത്. ലക്ഷദ്വീപിൽ ധാരാളം മീനുണ്ട്. വിപണി കുറവും. കുറഞ്ഞ വിലയ്ക്ക് അവിടെ കിട്ടുന്ന മീനാണ് ഇവിടെയെത്തിച്ച് വലിയ വിലയ്ക്ക് വിൽക്കുന്നത്.

കഴിഞ്ഞദിവസം ബോട്ടുകാർ ചീഞ്ഞ മീനിറക്കുന്നത് വൈപ്പിനിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. അവരത് ചോദ്യം ചെയ്തു. ഉണക്കിപ്പൊടിക്കാനാണ് കേടായ മീൻ കൊണ്ടുവന്നതെന്നായിരുന്നു ബോട്ടുകാരുടെ മറുപടി. മറുനാട്ടുകാരായ ബോട്ടുകാർ പഴകിയ മീൻ കൊണ്ടുവരുന്നെന്ന്‌ പരമ്പരാഗത മത്സ്യത്തൊഴിലാളിസമിതി സെക്രട്ടറി പി.വി. ജയൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

മീൻപിടിക്കാനെന്ന വ്യാജേന കടലിൽ പോകുമ്പോൾ കുറച്ച്‌ തൊഴിലാളികൾ മതി. ഐസിന്റെ ഉപയോഗം കുറയ്ക്കാൻ മീനിൽ രാസവസ്തുക്കൾ വിതറുന്നതായും സംശയമുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം ബോട്ടുകാരിൽനിന്ന്‌ വാങ്ങിയ കുടുത മീൻ വെട്ടിക്കഴുകിയ ആളിന്റെ കൈ തടിച്ചുവീർത്തതായും അവർ പറഞ്ഞു.

ബോട്ടുകാർ പറയുന്നതുപോലെ ഉണക്കിപ്പൊടിക്കാനൊന്നുമല്ല, മാർക്കറ്റുകളിലേക്കാണ് ഈ മീനത്രയും പോകുന്നത്. ഒരുതരത്തിലുള്ള പരിശോധനയും ഹാർബറുകളിലോ മീൻകൊണ്ടുപോകുന്ന വഴിക്കോ മാർക്കറ്റുകളിലോ ഇല്ല.

Content Highlights: fishermen bringing fish from lakshadweep