കൊച്ചി: പ്രളയം മൂടിയ മണ്ണിൽനിന്ന് നിറവയറുമായി കയറിൽ തൂങ്ങി ഹെലികോപ്റ്ററിലേക്ക്... വെള്ളപ്പൊക്കത്തിൽ മുങ്ങിയ നാടിനുമുകളിലൂടെ ആകാശമാർഗം പറന്ന് നാവികസേനയുടെ വിമാനത്താവളത്തിൽ സുരക്ഷിതമായ ഇറക്കം... ഏതാനും മണിക്കൂറുകൾക്കുശേഷം നാവികസേനയുടെ ആശുപത്രിയിൽ സുഖപ്രസവം...

അദ്‌ഭുതകരമായ ഒരു പ്രസവത്തിന്റെയും പിറവിയുടെയും ഓർമകൾക്ക് ഒരാണ്ട് തികയുമ്പോൾ സാജിത ഒരിക്കൽകൂടി പള്ളിയുടെ ടെറസിലെ ആ ‘ഹെലിപാഡി’ലെത്തി. പള്ളിയുടെ മുറ്റത്ത് ആ നേരത്ത് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട്ടിലെയും മലപ്പുറത്തെയും പ്രളയദുരന്ത പ്രദേശങ്ങളിലേക്ക് അയക്കാനുള്ള കിറ്റുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇതെല്ലാം കണ്ട് നിഷ്‌കളങ്കമായ പുഞ്ചിരി പൊഴിച്ചുകൊണ്ടിരുന്ന മകനെ മുകളിലേക്കുയർത്തി അവൾ പറഞ്ഞു... ആകാശം സാക്ഷി, സുബ്ഹാന് ഒന്നാം പിറന്നാൾ.

കഴിഞ്ഞ പ്രളയകാലത്ത് അഭയംതേടിയ ചൊവ്വര കൊണ്ടോട്ടി അൽ ഹിദായ ജുമാമസ്ജിദിന്റെ ടെറസിൽനിന്ന് നാവികസേനാ ഹെലികോപ്റ്ററിലാണ് സാജിദയെ രക്ഷപ്പെടുത്തിയത്. പ്രളയത്തിൽ വീട് മുങ്ങി ഞങ്ങളെല്ലാം അഭയംതേടി പള്ളിയുടെ മുകളിലേക്ക് കയറുമ്പോൾ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് 15-ന് രാത്രിയാണ് ഞാൻ പള്ളിയിൽ അഭയം പ്രാപിച്ചത്. രണ്ടുദിവസം കഴിഞ്ഞിട്ടും ഒരു വഴിയും തെളിഞ്ഞുവരാതിരുന്നതോടെ പേടിയായി. ഇതിനിടയിൽ പ്രസവവേദനയും കൂടി.

ഓഗസ്റ്റ് 17-നു രാവിലെ നാവികസേനയുടെ ഹെലികോപ്റ്ററെത്തി. ഹെലികോപ്റ്ററിൽ താഴെയെത്തിയ ഡോക്ടർ കയറിൽ തൂങ്ങി മുകളിലേക്ക് കയറാൻ പറഞ്ഞപ്പോൾ ആദ്യം പേടി തോന്നി. ആരൊക്കെയോ ഹെലികോപ്റ്ററിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു... സാജിദ ആകാശയാത്ര ഓർത്തെടുത്തു.

നാവികസേനയോടുള്ള കടപ്പാടായിട്ടാണ് സാജിത കുഞ്ഞിന് അവർ നിർദേശിച്ച സുബ്ഹാൻ എന്ന പേരിട്ടത്. സാജിത ഹെലികോപ്റ്ററിൽ തൂങ്ങിക്കയറുന്നതുകണ്ട് മൂത്ത മക്കളായ നാലുവയസ്സുകാരൻ നയീമും രണ്ടുവയസ്സുകാരൻ നുഐമും വലിയ കരച്ചിലായിരുന്നെന്ന് ഭർത്താവ് ജബീൽ ഓർക്കുന്നു. ഇപ്പോൾ മൂന്നുമക്കളുടെ അമ്മയാകുമ്പോഴും സാജിതയ്ക്ക് ഒരു പേടി മാറാതെയുണ്ട്- ‘സത്യം പറയട്ടെ, മഴ കാണുമ്പോൾ ഇപ്പോഴും എനിക്ക് വലിയ പേടിയാണ്’ സാജിത പറയുന്നു.

Content Highlights: First Birthday at Subhan flood victim of Kerala Flood 2018