വെഞ്ഞാറമൂട്: വയോധിക വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. മൃതദേഹം പുറത്തെടുക്കാൻ കിണറ്റിലിറങ്ങിയ അഗ്നിരക്ഷാസേനാംഗത്തിന് കിണർഭിത്തി ഇടിഞ്ഞുവീണ്‌ പരിക്കേറ്റു. മറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ

ഇറങ്ങി, പരിക്കേറ്റയാളെയും മരിച്ച വയോധികയെയും പുറത്തെടുത്തു.

കൊപ്പം അന്താരാഷട്ര നീന്തൽക്കുളത്തിനു സമീപം മഠത്തിൽ വീട്ടിൽ അമ്മു(80) ആണ് കിണറ്റിൽ വീണ് മരിച്ചത്.

രക്ഷാപ്രവർത്തനത്തിനിറങ്ങിയ വെഞ്ഞാറമൂട് അഗ്നിരക്ഷാസേനാംഗം എം.ആർ.അരുൺ മോഹനാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെയാണ് അമ്മു കിണറ്റിൽ വീണത്. കിണറ്റിലേക്കു വീഴുന്ന ശബ്ദം കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. 70 അടി താഴ്ചയുള്ളതാണ് കിണർ. നാട്ടുകാർ വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്തെത്തി.

പാതാളക്കരണ്ടി ഉപയോഗിച്ച് തിരച്ചിൽ നടത്തുമ്പോൾ മൃതദേഹം വെള്ളത്തിലുള്ളതായി മനസ്സിലായി. തുടർന്ന് അരുൺ മോഹൻ കിണറ്റിലിറങ്ങി മൃതദേഹം വലയുപയോഗിച്ചു കരയ്ക്കെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കിണർ ഭിത്തി ഇടിഞ്ഞുവീണത്.

മണ്ണുകൊണ്ടുള്ള ഭിത്തിയാണ് ഇരുവശത്തുനിന്നും ഇടിഞ്ഞ്‌ അരുണിന്റെ തലയിലേക്കും ദേഹത്തേക്കും വീണത്. ഇടതു കൈ പൊട്ടിയ അരുണിന് കിണറ്റിൽ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയായി. ഹെൽമെറ്റുണ്ടായിരുന്നതിനാൽ തലയ്ക്കു പരിക്കേറ്റില്ല.

തുടർന്ന്‌ മറ്റ് രണ്ട് അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി അരുൺ മോഹനെ ആദ്യം കരയ്ക്കെടുത്തു. തുടർന്ന് അമ്മുവിന്റെ മൃതദേഹവും പുറത്തെടുത്തു.

അരുൺ മോഹനെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. േതാളെല്ലിനും കൈയുടെ തരുണാസ്ഥിക്കും പൊട്ടലുണ്ട്.

അവിവാഹിതയായ അമ്മു കുറച്ചുനാളായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മാണിക്കൽ പഞ്ചായത്തിന്റെ ആശ്രയ വിഭാഗത്തിന്റെ സേവനം ലഭിക്കുന്ന സ്ത്രീയാണ്. ഇവർ ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗ്രേഡ് അസി. ഓഫീസർ ജെ.രാജേന്ദ്രൻ നായർ, ലിനു എസ്.എൽ., അഹമ്മദ് ഷാഫി അബ്ബാസി, ബി.സന്തോഷ്, ടി.ശിവകുമാർ, റജികുമാർ പി.കെ., അരവിന്ദ് എസ്.കുമാർ, അരുൺ എസ്.കുറുപ്പ് എന്നിവരാണ് അഗ്നിരക്ഷാസേനാ സംഘത്തിലുണ്ടായിരുന്നത്.

Content Highlight: firefighter was injured  while recover Old woman dead body from well