നിലയ്ക്കൽ: നിലയ്ക്കലില്‍ പോലീസ് താമസിക്കുന്ന കൺടെയ്നര്‍ ബാരക്കില്‍ തീപിടിത്തം. അഞ്ച്‌ പോലീസുകാര്‍ താമസിക്കുന്നുണ്ടെങ്കിലും, അപകടസമയത്ത് അവര്‍ ഡ്യൂട്ടിയിലായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഞായറാഴ്ച രാവിലെ പത്തേകാലോടെയായിരുന്നു കൺടെയ്നർ മാതൃകയിലുള്ള ബാരക്കില്‍നിന്ന് പുകയുയർന്നത്. ഏകദേശം 38 അടി നീളവും 10 അടി വീതിയുമുള്ള ബാരക്കില്‍ നിമിഷങ്ങൾക്കകം തീ പടർന്നു. ഉപയോഗിക്കാത്ത കൺടെയ്നർ താമസയോഗ്യമാക്കി അതില്‍ താമസിച്ചുവരികയാണ് പോലീസുകാര്‍. തീപിടിത്തസമയത്ത് അകത്ത് ആളുണ്ടായിരുന്നെങ്കില്‍ പുറത്തേക്ക് ഓടിരക്ഷപ്പെടുന്നത് അസാധ്യമാവുമായിരുന്നെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൺടെയ്നര്‍ ബാരക്കിനകത്തുണ്ടായിരുന്ന എയര്‍ കൂളറില്‍നിന്നാണ് തീ പടര്‍ന്നതെന്ന് അഗ്നിരക്ഷാസേനാ അധികൃതര്‍ അറിയിച്ചു.

ബാരക്കിനകത്ത് സൂക്ഷിച്ചിരുന്ന ജീവനക്കാരുടെ വസ്ത്രങ്ങൾ, യൂണിഫോം, ഫോൺ, ചാർജർ, ഹെഡ്സെറ്റ്, മറ്റ് വ്യക്തിഗത വസ്തുക്കളും ബാരക്കിലെ മുഴുവൻ ഉപകരണങ്ങളും കത്തിനശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 22 ബാരക്കും ശൗചാലയങ്ങൾ സജ്ജീകരിച്ച നാെലണ്ണവും ഇതേസ്ഥലത്ത് ഉണ്ടായിരുെന്നങ്കിലും നിലയ്ക്കല്‍ ഫയർഫോഴ്സിന്റെ ഇടപെടലാണ് മറ്റിടങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞത്.

സ്റ്റേഷന്‍ ഓഫീസര്‍ ജഗദീഷ് വി.പി.നായരുടെ നേതൃത്വത്തില്‍ നിലയ്ക്കലിലെ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേനയെത്തി തീ കെടുത്തി. അരമണിക്കൂറോളം കഠിനപരിശ്രമം ചെയ്ത് തീ പൂർണമായും അണച്ചു. പമ്പ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

Content Highlights:Fire breaks out in police barracks at Nilaykkal