കേളകം: സ്വയംതൊഴിൽ സംരംഭം തുടങ്ങാനുള്ള വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെ യുവാവ് തൂങ്ങിമരിച്ചു. കേളകം പഞ്ചായത്തിൽ പൂവത്തിൻചോല നിസാർകവല സ്വദേശി അഭിനന്ദ് നാഥ് (24) ആണ് സംരംഭം തുടങ്ങാൻ വീടിനോട് ചേർന്ന് നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ചത്. ഫെബ്രുവരിയിലായിരുന്നു അഭിനന്ദിന്റെ വിവാഹം.

വെള്ളിയാഴ്ച രാവിലെ അഞ്ചോടെയാണ് അഭിനന്ദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബാങ്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെ പ്രതീക്ഷകൾ നശിച്ചതായി വീട്ടുകാരോടും സുഹൃത്തുക്കളോടും കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നു. കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാനായിരുന്നു അഭിനന്ദിന്റെ പദ്ധതി. ഇതിനുള്ള വായ്പയ്ക്കായാണ് കേളകത്തെ ദേശസാത്‌കൃത ബാങ്കിനെ സമീപിച്ചത്. വായ്പ നൽകാമെന്നറിയിച്ചിരുന്നതിനാൽ അഭിനന്ദ് പ്രതീക്ഷയിലായിരുന്നു.

മൂന്നുവർഷം മുൻപ് ജോലിക്കായി മാൾട്ടയിൽ പോയിരുന്നു. എന്നാൽ ഏജന്റിന്റെ വഞ്ചനയിൽ കുടുങ്ങി മൂന്നുമാസത്തിനുശേഷം മടങ്ങേണ്ടിവന്നു. ഇതിനായി മറ്റൊരു ബാങ്കിൽനിന്ന്‌ അച്ഛന്റെ പേരിൽ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് വായ്പ ലഭിക്കില്ലെന്നറിഞ്ഞത്.

പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പൂതവേലിൽ ജഗന്നാഥന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: വൃന്ദ.