തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറിയിൽ സർക്കാർ കടുത്തനിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യമുള്ള ചെലവുകൾ മാത്രമേ അനുവദിക്കൂ. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവുകൾക്കും തത്കാലം പണം ലഭിക്കില്ല. വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു.

ട്രഷറിയിൽ പണം കുറവായതിനാൽ ഓവർ ഡ്രാഫ്റ്റിൽ ആയി ഇടപാടുകൾ തടസ്സപ്പെടാതിരിക്കാനാണ് കടുത്ത നിയന്ത്രണം. ശമ്പളം, പെൻഷൻ, മെഡിക്കൽ ബില്ലുകൾ, ശബരിമലച്ചെലവുകൾ, ഇന്ധനച്ചെലവുകൾ, ദുരന്ത ലഘൂകരണ ഫണ്ട്, ലൈഫ് മിഷൻ തുടങ്ങി 31 ഇനം ചെലവുകൾ മാത്രമേ അനുവദിക്കൂ. അത്യാവശ്യ ബില്ലുകൾ മാത്രം മാറിനൽകിയാൽ മതിയെന്നാണ് നിർദേശം.

വകുപ്പുകളുടെ അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകൾ മാത്രം മാറിനൽകിയാൽ മതിയെന്നായിരുന്നു നേരത്തേ നിർദേശിച്ചിരുന്നത്. ഇതിന് മുകളിലുള്ളവയ്ക്ക് ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം. എന്നാൽ, അഞ്ചുലക്ഷത്തിൽ താഴെയുള്ള ബില്ലുകളും മാറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയാണ് പുതിയ ഉത്തരവ്. ഇവയിൽ അനുവദിക്കാവുന്ന പട്ടികയിലുള്ളവയേ മാറിനൽകൂ.

തദ്ദേശസ്ഥാപനങ്ങൾക്ക്‌ പൊതു ആവശ്യത്തിനുള്ള ഫണ്ടിൽനിന്നുമാത്രമേ പണം ചെലവിടാനാവൂ. ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമുള്ളതാണിത്.

സാധാരണ ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണത്തിന് മുന്നോടിയായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇത്തവണ നേരത്തേതന്നെ നിയന്ത്രണം കർശനമാക്കാൻ സർക്കാർ നിർബന്ധിതമായി.