moneyതിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിന് വരുമാനംകൂട്ടാൻ സേവനനിരക്കുകളും ഭൂനികുതി, കെട്ടിടനികുതി എന്നിവ വർധിപ്പിക്കാനും ആലോചന. വരുമാനമാർഗങ്ങൾ നിർദേശിക്കാനായി നിയോഗിച്ച വകുപ്പുമേധാവികളുടെ യോഗം വിവിധ വകുപ്പുകളിൽനിന്ന് നിർദേശംതേടി.

ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി പ്രാഥമിക ചർച്ചകൾ നടത്തി. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ കെട്ടിടനികുതി വർധിപ്പിക്കാമെന്ന നിർദേശമാണ് തദ്ദേശവകുപ്പ് നൽകിയത്. ഭൂനികുതി കൂട്ടണമെന്നും സർക്കാരിനോട് ശുപാർശ ചെയ്‌തേക്കും.

ആശുപത്രിയിലെ ചികിത്സാ-സേവന നിരക്കുകൾ, കോളേജുകളിലെ ഫീസ് തുടങ്ങി നികുതിയേതര വരുമാനം കിട്ടാവുന്ന മേഖലകളിലെല്ലാം വർധന വരുത്തിയാലേ പ്രതിസന്ധി പരിഹരിക്കൂവെന്നാണ് സമിതിയുടെ നിഗമനം. അടുത്തയോഗത്തിൽ കോളേജ് ഫീസ് വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി ശുപാർശകൾ നൽകും. ഏതൊക്കെ ശുപാർശകൾ നടപ്പാക്കണമെന്ന് മന്ത്രിസഭ തീരുമാനിക്കും.

ട്രഷറി നിയന്ത്രണം തുടരും

ട്രഷറിയിൽ ഇപ്പോഴുള്ള നിയന്ത്രണം അനിശ്ചിതമായി തുടരും. തിങ്കളാഴ്ച ശമ്പളവും പെൻഷനും നൽകാൻതുടങ്ങി. ശമ്പളത്തിന് ഒരുമാസം 2500 കോടിരൂപയും പെൻഷന് 1860 കോടിരൂപയുമാണ് വേണ്ടത്. രൂക്ഷമായ പ്രതിസന്ധികാരണം വരുമാനമെല്ലാം കരുതിവെച്ചാണ് ശമ്പളവും പെൻഷനും നൽകുന്നത്. റിസർവ് ബാങ്കിൽനിന്ന് നിത്യച്ചെലവിന് എടുക്കാവുന്ന വായ്പകൂടി (വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ്) ചേർത്താണ് ഇപ്പോൾ ശമ്പളം നൽകുന്നത്. സർക്കാർ അംഗീകരിച്ച പട്ടികയിലുള്ള അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകൾ മാത്രമാണ് ട്രഷറിയിൽനിന്ന് ഇപ്പോൾ മാറാനാവുന്നത്. ഇതു തുടരും. മാസത്തിലെ ആദ്യ ഏഴ് പ്രവൃത്തിദിനങ്ങളിലാണ് ശമ്പളവും പെൻഷനും നൽകുന്നത്. അത് കഴിയുമ്പോഴേക്കും ട്രഷറി ഓവർ ഡ്രാഫ്റ്റിലേക്ക് പോയേക്കും.

കേന്ദ്ര കുടിശ്ശിക 3000 കോടിയിലേക്ക്‌

ജി.എസ്.ടി.യിലൂടെ പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതിന് നഷ്ടപരിഹാരമായി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകേണ്ട കുടിശ്ശിക ഏകദേശം 3000 കോടി രൂപയായി. ഒക്ടോബറിൽ കിട്ടേണ്ട ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ കുടിശ്ശികയായ 1600 കോടിരൂപ കിട്ടിയിട്ടില്ല. ഒക്ടോബർ, നവംബർ മാസത്തെ നഷ്ടപരിഹാരം ഈ മാസമാണ് കിട്ടേണ്ടത്. അത് എത്രയെന്ന് ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല്ല. കുടിശ്ശിക ആവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക്കും മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ചൊവ്വാഴ്ച കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ കാണും.

ക്ഷേമപെൻഷന് വേണം 1800 കോടി

ഡിസംബറിൽ സാമൂഹികക്ഷേമ പെൻഷന്റെ മൂന്നുഗഡുക്കൾ നൽകാൻ 1800 കോടിരൂപ വേണം. പതിവുപോലെ ഈ പണം പൊതുമേഖലാ സ്ഥാപനങ്ങളിലും ക്ഷേമനിധികളിലും നിന്ന് വായ്പയായി എടുക്കാനാണ് തീരുമാനം. പെൻഷൻ എന്നു നൽകണമെന്ന് തീരുമാനിച്ചിട്ടില്ല.

മരിച്ചവരുടെപേരിൽ ബന്ധുക്കൾ പെൻഷൻ വാങ്ങുന്നതും ഒരാൾതന്നെ ഒന്നിലധികം പേർ പെൻഷൻ വാങ്ങുന്നതും തടയാനായാൽ 400-500 കോടി രൂപയെങ്കിലും കുറയ്ക്കാനാവുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. 48.6 ലക്ഷം പേരാണ് ഇപ്പോൾ മാസം 1200 രൂപവീതം ക്ഷേമപെൻഷൻ വാങ്ങുന്നത്.

content highlights: financial crisis goverment likely to hike service charge