കൊല്ലം : കോവിഡ് അടച്ചിടൽമൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനൊരുങ്ങുന്നു. ഇതിന്റെ ലേല നടപടികൾ പുരോഗമിക്കുകയാണ്.

ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. ഊട്ടുപുരകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോർഡിന് തലവേദനയാണ്.

ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളിൽ സംഭരിച്ചശേഷം ബോർഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി ഒത്തുനോക്കും. രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോർഡ് അധികൃതരുടെ വിലയിരുത്തൽ.

ക്ഷേത്രങ്ങളിൽ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകൾക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികൾക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

2012-ൽ ഇത്തരത്തിലൊരു ശേഖരണത്തിന് ബോർഡ് ശ്രമിച്ചിരുന്നു. ചിലയിടങ്ങളിൽ ലേലവും നടന്നു. ക്ഷേത്രോപദേശകസമിതികൾ എതിർത്തതോടെ അന്ന് നടപടികളിൽനിന്ന് ബോർഡ് പിന്മാറുകയായിരുന്നു.

എല്ലാ മാർഗങ്ങളും തേടുന്നു :

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോർഡ് എല്ലാ മാർഗങ്ങളും തേടുകയാണ്. ഉപയോഗിക്കാത്ത വിളക്കുകളും മറ്റും എല്ലാ ക്ഷേത്രങ്ങളിലുമുണ്ട്. ഇത് അന്യാധീനപ്പെട്ട് പോകാതെ ദേവസ്വത്തിന് മുതൽക്കൂട്ടാക്കുകയാണ് ചെയ്യുന്നത്.

-എൻ.വാസു

പ്രസിഡൻ്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്

Content Highlight:  Financial crisis; Devaswom Board to sell Nilavilakk of temples