ആലപ്പുഴ: സംസ്ഥാനം ഇപ്പോൾ 20,000 കോടി രൂപയുടെ കുറവ് അഭിമുഖീകരിക്കുന്നുണ്ടെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. ചരക്ക്-സേവന നികുതിയിനത്തിൽ നൽകേണ്ട നഷ്ടവിഹിതം കേന്ദ്രസർക്കാർ നൽകാത്തതാണ് പ്രതിസന്ധിക്കുകാരണമെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി. വിഹിതമായി 1600 കോടി രൂപ കിട്ടേണ്ടതാണ്. ഇത് ലഭിക്കാതെ വന്നതോടെയാണു ട്രഷറി നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ, ഈ പ്രതിസന്ധി സർക്കാർജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുന്ന അവസ്ഥ ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനുള്ള ധനവിഹിതത്തിൽ 12,000 കോടിയുടെ കുറവുണ്ടാകുമെന്നു നേരത്തേ കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനുപുറമേ 5000 കോടിയുടെ കുറവുകൂടി ഉണ്ടാകുമെന്നും ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. ഇതെല്ലാംചേർന്ന് 20,000 കോടിയുടെ പ്രതിസന്ധിയാണ് കേരളം ഇപ്പോൾ നേരിടുന്നത്. പ്രതിസന്ധി മറികടക്കാൻ 6,500 കോടി രൂപയുടെ വായ്പയെടുക്കാൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ഇതിനും കേന്ദ്രസർക്കാർ അനുമതി നൽകിയില്ല.

ചുരുക്കത്തിൽ, കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി സമ്മർദത്തിലാക്കിയിരിക്കുകയാണ്. ഇതു ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. എല്ലാ സംസ്ഥാനങ്ങളിലെയും ധനസ്ഥിതിയെ ഇത്‌ ബാധിക്കുന്നുണ്ട്. ഇതിനെതിരേ മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ച് പൊതുഅഭിപ്രായം രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: finance minister thomas issac says kerala facing financial crisis worth 20000 crore