കൊച്ചി: മോഹൻലാലിന്റെ പുതിയ ചിത്രമായ ‘ദൃശ്യം 2’ ഒ.ടി.ടി. റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ എതിർപ്പുമായി ഫിലിം ചേംബറും തിയേറ്റർ ഉടമകളും. തിയേറ്റർ ഉടമകളെ വഞ്ചിക്കുന്ന തീരുമാനമാണ് ഇതെന്ന്‌ ഫിലിം ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സിനിമയുടെ നിർമാതാക്കൾ അവരുടെ ലാഭംമാത്രം നോക്കിയെടുത്ത തീരുമാനം സിനിമാവ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്ന്‌ തിയേറ്റർ ഉടമ ലിബർട്ടി ബഷീർ പറഞ്ഞു.

ബിഗ് ബജറ്റ് സിനിമയായ ‘ദൃശ്യം 2’ ഈമാസം അവസാനത്തോടെ ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചത്.

തിയേറ്റർ ഉടമകളുടെ സംഘടനാ പ്രസിഡന്റായ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാതാവ്. സിനിമാ സംഘടനകളുടെ നേതൃത്വത്തിലുള്ളവർ തന്നെ ഒ.ടി.ടി. റിലീസിന് അനുകൂലമായ നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് എതിർക്കുന്നവർ പറയുന്നത്. പുതുവത്സരദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു.