തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം കച്ചമുറുക്കി. അതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ഭരണപക്ഷം ഉരുളയ്ക്ക് ഉപ്പേരിയെന്ന കണക്കിന് മറുപടിയും നൽകി. സർക്കാർ അവസാന വർഷത്തിലേക്കു കടക്കുന്നതു കണക്കിലെടുത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളാണ് സർക്കാരും പ്രതിപക്ഷവും നടത്തുന്നത്.

ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തിയിരുന്ന വിമർശനങ്ങൾക്കപ്പുറം കോൺഗ്രസിലെ മൂന്ന് പ്രമുഖനേതാക്കളും യോജിച്ച് പത്രസമ്മേളനം നടത്തിയാണ് പ്രതിപക്ഷ ആക്രമണത്തിനു മൂർച്ച കൂട്ടിയത്. രോഗപ്രതിരോധ നടപടികൾ നടക്കുന്നതിനാൽ പൊതുവേ സർക്കാരിനോട് യോജിച്ചുപോകുന്നുവെന്ന ധാരണയ്ക്ക് സുല്ലിടുകയാണെന്ന പ്രഖ്യാപനമായിരുന്നു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് നടത്തിയ പത്രസമ്മേളനം.

സർക്കാർ ചെലവിൽ ഭരണപക്ഷ പാർട്ടികൾ തദ്ദേശ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടുള്ള പ്രചാരണം നടത്തുന്നുവെന്ന പരാതി കോൺഗ്രസിന്റെ താഴെത്തട്ടിൽനിന്ന് പ്രവർത്തകർ അറിയിച്ചിരുന്നു. സമൂഹ അടുക്കള പോലെയുള്ള പ്രവർത്തനങ്ങളിൽ സി.പി.എം. മേൽക്കോയ്മയാണെന്ന പരാതി വ്യാപകമായി. എ.പി.എലുകാർക്കടക്കം സൗജന്യ അരി നൽകുന്ന ഭരണപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നൊരുക്കങ്ങളാണെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്.

ആനുകൂല്യം നൽകുന്നതിനെ എതിർക്കുന്നില്ലെങ്കിലും ദുരന്തം മറയാക്കി സർക്കാർ ധനസമാഹരണം നടത്തി സൗജന്യ വിതരണം നടത്തുന്നതിന്റെ ഉദ്ദേശശുദ്ധി ചോദ്യംചെയ്യണമെന്ന ചിന്ത യു.ഡി.എഫ്. നേതൃത്വത്തിന്റെ തീരുമാനമായിരുന്നു.

പ്രതിപക്ഷ വിമർശനം വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ എന്നിവരൊക്കെ വിമർശനവുമായി രംഗത്തെത്തി.

സാലറി ചലഞ്ച് പോലെയുള്ള ധനസമാഹരണ നടപടികളെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. സർക്കാരിന്റെ ധനസ്ഥിതി മോശമായതിനാൽ ധന മാനേജ്‌മെന്റിലെ പാളിച്ചകളാണ് അവരുടെ പ്രധാന ആയുധം. ഭരണപക്ഷമാകട്ടെ ലോകരാജ്യങ്ങൾ പകച്ചുനിന്ന കോവിഡിനു മുമ്പിൽ കേരളം പിടിച്ചുനിൽക്കുന്നത് പൊതുസമ്മതിയായി മാറുമെന്ന വിശ്വാസത്തിലാണ്.

ലോക് ഡൗൺ കാലത്ത് സജീവമായി താഴെത്തട്ടിൽ പ്രവർത്തിച്ച് അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പി.യും.

ഉപതിരഞ്ഞെടുപ്പ് നടക്കാനിടയില്ല

കുട്ടനാട്, ചവറ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിടയില്ലെന്ന വിലയിരുത്തലാണ് ഭരണ, പ്രതിപക്ഷ നേതാക്കൾക്കുള്ളത്. കേരള കോൺഗ്രസിലെ ഭിന്നതകൾകൂടി കണക്കിലെടുക്കുമ്പോൾ കുട്ടനാട് സീറ്റ് നിലനിർത്താമെന്ന ചിന്ത എൽ.ഡി.എഫിനുണ്ടായിരുന്നു. ചവറയിൽ വിജയൻപിള്ളയുടെ വിജയത്തിൽ വ്യക്തിപ്രഭാവം കൂടിയുണ്ടായിരുന്നതിനാൽ കടുത്ത വെല്ലുവിളി നേരിടുമെന്നും കണക്കുകൂട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് രണ്ട് മുന്നണികളും യഥാർഥത്തിൽ ആഗ്രഹിക്കുന്നില്ലെന്നാണു സൂചന.

Content Highlights: fight between Government and Opposition