പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്ക് ചെയ്യാനായി ഫീസ് ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആലോചന. ദർശനം നടത്തുന്നവർക്ക് ഓൺലൈനായി പണം തിരികെ നൽകുകയും ചെയ്യും.

ദർശനത്തിന് എത്താത്തവർക്ക് പണം നഷ്ടമാകുന്ന രീതിയിലുള്ള സംവിധാനമാണ് വരുന്നത്. ഈ ഫീസ് ദേവസ്വം ബോർഡിലേക്ക് പോകും. അടുത്ത മണ്ഡലകാലംമുതൽ ഇത് നടപ്പാക്കാനാണ് ബോർഡ് തത്ത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മാസപൂജയ്ക്ക് ബുക്ക് ചെയ്തിട്ടും 6772 പേർ ദർശനത്തിന് എത്തിയിരുന്നില്ല. ഇതോടെയാണ് ഫീസ് ഏർപ്പെടുത്താനുള്ള ആലോചന ബോർഡ് സജീവമാക്കിയത്.

ബുക്ക് ചെയ്ത് വരണമെന്ന് അറിയാതെ എത്തുന്ന തീർഥാടകർക്കായി നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്റും ചീഫ് എൻജിനിയറും അടങ്ങിയ സംഘം പോലീസ് മേധാവി, വെർച്വൽ ക്യൂവിന്റെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി. എന്നിവരുമായി നടത്തിയ ചർച്ചയിൽ ഈ വിഷയം ഉന്നയിച്ചു.

ക്യൂ ഉടൻ, ബോർഡ് നേരിട്ട് ഏറ്റെടുത്തേക്കില്ല

മണ്ഡലകാലത്തിന് രണ്ടുമാസംമാത്രം അവശേഷിക്കുന്നതിനാൽ വെർച്വൽ ക്യൂ സംവിധാനം ഉടൻ പോലീസിൽനിന്ന്‌ ഏറ്റെടുക്കേണ്ടെന്നാണ് ബോർഡിന്റെ തീരുമാനം. വെർച്വൽ ക്യൂവിൽ ഇപ്പോഴുള്ള പരാതികൾ പരിഹരിക്കുകയെന്നതിനാണ് പ്രാമുഖ്യം നൽകുക.

ബുക്ക് ചെയ്തിട്ടും തീർഥാടകർ വരാത്ത അവസ്ഥ

ദർശനത്തിനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടും എത്താത്ത തീർഥാടകരുടെ എണ്ണം ഓരോ മാസപൂജ സമയത്തും വർധിച്ചു വരുകയാണ്. കൂട്ടമായി ബുക്ക് ചെയ്യുകയും വരാതിരിക്കുകയും ചെയ്യുന്നത് വരാനാഗ്രഹിക്കുന്നവരുടെ അവസരത്തെയാണ് നഷ്ടപ്പെടുത്തുന്നത്. - എൻ. വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.

Content Highlights: Fee likely to be caharged for Sabarimala Virtual Queue