* റേഷന്‍വിതരണം മുടങ്ങാന്‍ സാധ്യത
* ഇതുവരെ എടുത്തത് 60 ശതമാനം
* ഇനി ശേഷിക്കുന്നത് നാലുദിവസം

 
തിരുവനന്തപുരം: സംസ്ഥാനത്ത് അതതുമാസം വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യം കൃത്യസമയത്ത് എടുത്തില്ലെങ്കില്‍ തടയുമെന്ന് എഫ്.സി.ഐ. സംസ്ഥാന സര്‍ക്കാരിന് വീണ്ടും മുന്നറിയിപ്പുനല്‍കി. ജൂണ്‍മാസം വിതരണംചെയ്യാനുള്ള ഭക്ഷ്യധാന്യം മേയ് 31-നകം എടുക്കണമെന്ന് ചൂണ്ടിക്കാട്ടി മേയ് 15-നാണ് എഫ്.സി.ഐ. ജനറല്‍ മാനേജര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്.

കത്തുലഭിച്ച് 10 ദിവസം കഴിഞ്ഞിട്ടും 60 ശതമാനം ഭക്ഷ്യധാന്യംമാത്രമേ ഏറ്റെടുക്കാനായിട്ടുള്ളൂ. നാലുപ്രവൃത്തി ദിവസമാണ് ശേഷിക്കുന്നത്. മിക്ക ജില്ലകളിലും 50 ശതമാനത്തിന് താഴെ ഭക്ഷ്യധാന്യമേ നീക്കം ചെയ്യാനായിട്ടുള്ളൂ. കാസര്‍കോട് ജില്ലയില്‍ 30 ശതമാനത്തിന് താഴെമാത്രമേ അരി എടുത്തിട്ടുള്ളൂ.

കഴിഞ്ഞമാസമെടുക്കേണ്ട ധാന്യം മേയ് എട്ടിനകം എടുക്കണമെന്നായിരുന്നു മുന്നറിയിപ്പ്. ഈ കാലാവധിക്കുള്ളില്‍ എടുക്കാത്തതിനാല്‍ സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണിച്ച് മേയ് 15 വരെ നീട്ടി. ഇനി ഇത്തരത്തില്‍ അനുവദിക്കില്ലെന്നും എഫ്.സി.ഐ. മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

മേയ് ഒന്പതിന് എഫ്.സി.ഐ. വിളിച്ചയോഗത്തില്‍ ജൂണ്‍മാസത്തെ ഭക്ഷ്യധാന്യം കൃത്യമായി എടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഊര്‍ജിതമായില്ല. പരാമാവധി ലോറികളെത്തിച്ച് ഇവ നീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍മാത്രമാണ് കാര്യമായനിലയില്‍ ധാന്യം കൊണ്ടുപോയത്.

കൃത്യസമയത്ത് അരി എടുക്കാത്തതിനാല്‍ കോട്ടയം ജില്ലയില്‍ ഫെബ്രുവരിയില്‍ വിതരണം ചെയ്യേണ്ടിയിരുന്ന 130 ലോഡ് അരി നഷ്ടമായിരുന്നു. ചിങ്ങവനത്തെ എഫ്.സി.ഐ. ഡിപ്പോയില്‍ നിന്നുമെടുക്കേണ്ടിരുന്ന അരിയാണ് നഷ്ടമായത്. ഏതാണ്ട് 60 ദിവസം കിട്ടിയിട്ടും അരിയെടുക്കാന്‍ സിവില്‍ സപ്ലൈസിന് ആയില്ല.

എടുക്കാതിരുന്ന ധാന്യമെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയെങ്കിലും പരിഗണിച്ചിട്ടില്ല. ജൂണ്‍ ഒന്നുമുതല്‍ വാതില്‍പ്പടി വിതരണം ആരിഭിക്കുന്ന ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ധാന്യമെടുപ്പ് തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെങ്ങളില്‍ ഗോഡൗണും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിലുണ്ടായ കാലതാമസവുമാണ് ലോഡ് എടുക്കുന്നത് വൈകിപ്പിച്ചത്.