നാവായിക്കുളം(തിരുവനന്തപുരം): കിടപ്പുമുറിയിൽ മൂത്തമകനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഇളയമകനുമായി പിതാവ് ക്ഷേത്രക്കുളത്തിൽച്ചാടി. ഇരുവരും മുങ്ങിമരിച്ചു. അഗ്നിരക്ഷാസേന മൂന്നുമണിക്കൂറോളം തിരച്ചിൽ നടത്തിയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നാവായിക്കുളം പൈവേലിക്കോണം വടക്കേവയൽ തോട്ടിൻകരവീട്ടിൽ മുഹമ്മദ് സഫീറാണ്(32) മൂത്തമകൻ അൽത്താഫി(11)നെ കൊലപ്പെടുത്തിയ ശേഷം, ഇളയമകൻ അൻഷാദു(9)മായി ആത്മഹത്യചെയ്തത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പ്രാഥമികനിഗമനമെന്ന് തിരുവനന്തപുരം റൂറൽ എസ്.പി. ബി.അശോകൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ദുരന്തവാർത്ത നാടറിയുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് മുഹമ്മദ് സഫീർ. ഇയാൾ ഓടിക്കുന്ന ഓട്ടോറിക്ഷ നാവായിക്കുളം ക്ഷേത്രക്കുളത്തിനു സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. അതിനുള്ളിൽ പഴ്‌സും ഫോണും കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും വിവരം പുറത്തറിഞ്ഞത്.
സഫീറും ഭാര്യ റജീനയും മക്കളുമാണ് തോട്ടിൻകരവീട്ടിൽ താമസിച്ചിരുന്നത്. മൂന്നുമാസം മുമ്പ് റജീനയുടെ സഹോദരൻ നാവായിക്കുളം വൈരമലയ്ക്കു സമീപം പുതിയ വീട് നിർമിച്ചു. ഈ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് എല്ലാവരുംകൂടി പോയശേഷം റജീന വീട്ടിലേക്കു മടങ്ങിവന്നിരുന്നില്ല. സഫീർ ചുള്ളിമാനൂരുള്ള കുടുംബവീട്ടിലും തോട്ടിൻകര വീട്ടിലുമായി താമസിക്കുകയായിരുന്നു. രണ്ടുമാസമായി സ്ഥിരമായി തോട്ടിൻകര വീട്ടിൽത്തന്നെയാണ് താമസിച്ചിരുന്നത്. ഇടയ്ക്കിടയ്ക്ക് കുട്ടികളെയും ഈ വീട്ടിൽ കൊണ്ടുവന്നിരുന്നു. അയൽക്കാരുമായി വലിയ അടുപ്പം സഫീറിനുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച വൈകീട്ട് ഭാര്യാസഹോദരന്റെ വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ കുട്ടികളെയും കൂട്ടിക്കൊണ്ടുപോയതാണ്. രാത്രി ബന്ധുക്കൾ അന്വേഷിച്ചപ്പോൾ മക്കൾ ഒപ്പമുണ്ടെന്ന് പറഞ്ഞിരുന്നു. രാവിലെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ചോഫായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. പഴ്‌സിനുള്ളിൽ മൂത്തമകൻ വീട്ടിലുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കത്തും ഉണ്ടായിരുന്നു. തുടർന്ന് റജീനയുടെ സഹോദരനും കൂട്ടുകാരനും സഫീറിന്റെ വീട്ടിലെത്തി പിൻവാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ഇതോടെയാണ് ഇളയകുട്ടിയുമായി ഇയാൾ കുളത്തിൽച്ചാടിയതായി സംശയമുയർന്ന് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചതും.