
മാറനല്ലൂർ(തിരുവനന്തപുരം): ഒൻപതു വയസ്സുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു. കണ്ടല കോട്ടയിൽ വീട്ടിൽ വ്യവസായവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ സലി(42)മാണ്, മകൻ ആഷ്‌ലി(9)നെ കൊലപ്പെടുത്തിയ ശേഷം കണ്ടലയിലെ കുടുംബവീടിനു സമീപത്തെ വാടകവീട്ടിൽ മരിച്ചത്. കുടുംബവീട്ടിൽനിന്ന് ഇവർ താമസിക്കുന്ന വാടകവീട്ടിലേക്കു പ്രഭാതഭക്ഷണം നൽകാനെത്തിയ സലിമിന്റെ സഹോദരിയാണ് സംഭവം ആദ്യം കണ്ടത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മകനെയും മരിച്ചനിലയിൽ കണ്ടത്.
കണ്ടല കോട്ടയിൽ വീട്ടിൽ മുഹമ്മദ് ഹനീഫയുടെ എട്ടു മക്കളിൽ അഞ്ചാമത്തെയാളാണ് സലിം. പത്തു വർഷം മുൻപ്, സർക്കാർ ഉദ്യോഗസ്ഥയായ അടൂർ സ്വദേശിനിയായ അമ്പിളി ദാമോദരൻ എന്ന യുവതിയെ സലിം പ്രേമിച്ചു കല്യാണം കഴിച്ചിരുന്നു. ഇവരുടെ മകനാണ് ആഷ്‌ലിൻ.
രോഗബാധയെത്തുടർന്ന് അമ്പിളി നാലു വർഷം മുൻപ് മരിച്ചു. തുടർന്ന് സലിമിന് വ്യവസായ വകുപ്പിൽ ആശ്രിതനിയമനം ലഭിച്ചു. ഒന്നര വർഷം മുൻപ് സലിം, ജോലിചെയ്തിരുന്ന ഓഫീസിലെ ജീവനക്കാരി പത്തനംതിട്ട സ്വദേശി ഷംലയെ വിവാഹം കഴിച്ചു. അതിനുശേഷമാണ് മകനുമൊന്നിച്ച് കുടുംബവീടിനടുത്തുള്ള വാടകവീട്ടിൽ താമസമാക്കിയത്. ഒരു വർഷത്തിനു ശേഷം ഇവർ വേർപിരിഞ്ഞു. വിവാഹമോചന കേസ് തുടരുന്നതിനിടെയാണ് മൂന്നാമതായി സലിം ഫസീല എന്ന യുവതിയെ വിവാഹം കഴിച്ചത്.
പത്തനംതിട്ട ജില്ലയിലേക്കു സ്ഥലംമാറ്റം കിട്ടി പോയ ഷംല സലിമിനോട് അങ്ങോട്ടു ചെല്ലാൻ ആവശ്യപ്പെട്ടു. പോകാൻ തയ്യാറാകാതിരുന്ന സലിമിനോട് ഷംലയുടെ വീട്ടുകാർ വിവാഹമോചനം ആവശ്യപ്പട്ടു. കഴിഞ്ഞ മാസം ഒൻപതിനാണ് സലിം നിലമ്പൂർ സ്വദേശിനിയായ ഫസീലയെ കല്യാണം കഴിക്കുന്നത്. നാലു ദിവസം മുൻപ് ഫസീല ബന്ധുക്കളോടൊപ്പം നിലമ്പൂരിലെ വീട്ടിലേക്കു പോയിരുന്നു.
വൈകീട്ട് മൂന്നരയോടുകൂടി മാറനല്ലൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. മാറനല്ലൂർ പോലീസ് കേസെടുത്തു.
Content Highlight: Father committed suicide after killed his son