പത്തനംതിട്ട: സ്വത്ത് തർക്കത്തിന്റെ പേരിൽ 75 വയസ്സുള്ള അച്ഛനെ നഗ്നനാക്കി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദിനാണ് മർദനമേറ്റത്. അയൽവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെ ഏകമകൻ ഷാനവാസ്, ഭാര്യ ഷീബ എന്നിവരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മർദിക്കാൻ ഇവർക്കൊപ്പമുണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ തുടങ്ങിയ മർദനം അരമണിക്കൂറോളം നീണ്ടുനിന്നു.

വീടിന്റെ പുറത്തിട്ട് മൂവരും ചേർന്ന് കമ്പ്‌ ഉപയോഗിച്ച് റഷീദിനെ അടിച്ചുവീഴ്ത്തി. ഷീബയാണ് പിടിച്ചുകൊടുക്കുന്നത്. വീണിടത്തുനിന്ന്‌ ഉടുതുണിയില്ലാതെ എഴുന്നേൽക്കുന്ന റഷീദിനെ വീണ്ടും അടിച്ചിടുന്നത് ദൃശ്യങ്ങളിൽ കാണാം. ഇദ്ദേഹം ഉറക്കെ നിലവിളിക്കുന്നുമുണ്ട്.

നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച്‌ എത്തിയ പോലീസാണ് റഷീദിനെ രക്ഷിച്ചത്. സ്വത്ത് തർക്കമാണ് കാരണമെന്നറിയുന്നു. റഷീദിന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവും വീടും ഇദ്ദേഹത്തിന് അവകാശമില്ലാത്തവിധത്തിൽ മകനും മരുമകളും കൈക്കലാക്കിയതിനെ ചൊല്ലി ഏറെ നാളായി തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. അടൂർ ആർ.ഡി.ഒ. ഇതുസംബന്ധിച്ച് തീർപ്പുണ്ടാക്കിയാണ് റഷീദിനെ വീട്ടിൽ താമസിപ്പിച്ചിരുന്നത്. വീട്ടിൽനിന്ന് റഷീദ് പോകണമെന്നുപറഞ്ഞ് കുറെ നാളുകളായി മർദനം നടക്കുന്നുണ്ടെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.

Content Higghlights: Father beaten over property dispute, Son and daughter-in-law arrested