അടൂർ: മകനെ ചട്ടുകംകൊണ്ട് പൊള്ളിച്ച സംഭവത്തിൽ അറസ്റ്റിലായ പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കേതിൽ ശ്രീകുമാറി(31)നെ റിമാൻഡ് ചെയ്തു. മുമ്പും പലതവണ ഇയാൾ സമാനരീതിയിൽ കുട്ടിയെ പൊള്ളിച്ചിരുന്നു. മദ്യലഹരിയിലായിരുന്നു ഇതെല്ലാം. വയറ്, കാൽപ്പാദം, കൈയുടെ മുട്ടിനുതാഴെ എന്നിവിടങ്ങളിൽ പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ കാൽപ്പാദത്തിലെ പൊള്ളൽ വലുതാണ്. മുമ്പ് പൊള്ളിച്ചതിന്റെ പാടുകൾ ഇപ്പോഴും കാണാം.

പഠിക്കാത്തതിന് പൊള്ളിച്ചത് ജനുവരി 30-നാണ്. കുട്ടിയുടെ അമ്മ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അടൂർ ബാലസംഘം ഏരിയാ സെക്രട്ടറിയും പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗവുമായ വി.വിനേഷിനെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

കുട്ടിയെ പത്തനംതിട്ടയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ ചൈൽഡ് വെൽവെയർ കമ്മിറ്റി ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ, കമ്മിഷനംഗം റെനി ആന്റണി എന്നിവർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

Content Highlights: Father arrested for physical torture of Eight year old boy in Adoor