തൃശ്ശൂർ:ദേശീയപാത ടോൾ പ്ലാസകളെല്ലാം ‘ഫാസ്ടാഗ്‌’ സംവിധാനത്തിലേക്ക് മാറുമ്പോൾ പ്രധാന നേട്ടം ടോൾ പിരിവു കമ്പനികൾക്ക്. കോടിക്കണക്കിന് വാഹനങ്ങൾക്ക് നാലുമാസംകൊണ്ട് ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാൻ കഴിയുമോ എന്നതും ആശങ്കയാണ്. നിലവിൽ ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്ക് ‘റീചാർജി’നെക്കുറിച്ച് വ്യാപകപരാതിയുണ്ട്. അത് പരിഹരിക്കാതെയാണ് പുതിയ പരിഷ്‌കാരത്തിലേക്ക് പോകുന്നത്.

എല്ലാ കവാടങ്ങളും ഡിസംബർ ഒന്നിന് ഫാസ്ടാഗിലേക്ക് മാറുന്നതോടെ പ്ലാസകളിലുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാകും. കമ്പനിയുടെ അക്കൗണ്ടിലേക്ക് നേരിട്ടു പണമെത്തും. മൂന്നു മിനിറ്റിലധികം ഒരു വാഹനം ടോൾ പ്ലാസയിൽ കുരുങ്ങിയാൽ ടോൾ വാങ്ങരുതെന്നാണ് വ്യവസ്ഥ. ഫാസ്ടാഗ് ആകുന്നതോടെ ഇതില്ലാതാകും.

ദേശീയപാത ടോൾ പ്ലാസകളിൽ 24 മണിക്കൂറിനുള്ളിൽ ഇരുവശത്തേക്കും യാത്ര ചെയ്യുകയാണെങ്കിൽ ടോളിൽ ഇളവുണ്ട്. ഇത് ഫാസ്ടാഗ് വാഹനങ്ങൾക്ക് ലഭിക്കില്ല. നിലവിൽ 2017 ഡിസംബർ മുതൽ വിറ്റ വാഹനങ്ങളിൽ ആണ് ഫാസ്ടാഗ് നിർബന്ധമാക്കിയത്. ദേശീയപാത ഉപയോഗിക്കുന്ന ബാക്കി കോടിക്കണക്കിന് വാഹനങ്ങൾ നാലുമാസംകൊണ്ട് ഫാസ് ടാഗിലേക്ക് മാറാൻ സാധിക്കുമോ എന്നതും വലിയ ചോദ്യമായി അവശേഷിക്കുന്നു. തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ വഴിയും പൊതുസേവനകേന്ദ്രങ്ങൾ വഴിയും വാഹനഷോറുമുകൾക്ക് ബാങ്കുകൾ നേരിട്ടുമാണ് ഫാസ്ടാഗ് വിൽക്കുന്നത്.

പുതിയ വാഹനങ്ങൾക്ക് ഭൂരിഭാഗം ഷോറൂമുകളും 500-600 രൂപയാണ് ഫാസ്ടാഗിനായി ഈടാക്കുന്നത്. ഇതിൽ 300 രൂപ രജിസ്‌ട്രേഷൻ ഫീസാണ്. ബാക്കി തുകയ്ക്കാണ് യാത്ര ചെയ്യാനാകുന്നത്. ഇത് തീർന്നാൽ റീചാർജ് ചെയ്യണം. എന്നാൽ റീച്ചാർജ് ചെയ്താലും ഫാസ്ടാഗ് പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

ഫാസ് ടാഗിലൂടെ ഇനി ഇന്ധനവും നിറയ്ക്കാം

ഫാസ്ടാഗ് സംവിധാനത്തിലൂടെ ടോൾ അടയ്ക്കാൻ മാത്രമല്ല ഇന്ധനവും നിറയ്ക്കാം. ഇതിനായി ഐ.ഡി.എഫ്.സി. ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു. ഫാസ്ടാഗ് 2.0 എന്ന പേരിൽ ഇത് ഉടൻ പുറത്തിറങ്ങും.

നിലവിൽ 22 ബാങ്കുകൾ ഫാസ്ടാഗ് വിതരണം ചെയ്യുന്നുണ്ട്. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. പേടിഎം എന്നിവയാണ് പ്രധാന വിതരണക്കാർ. ഇവയ്ക്കുകൂടി അനുമതി ലഭിച്ചാൽ പുതിയതായി ഇറങ്ങുന്ന ഫാസ്ടാഗ് ‘സ്മാർട് കാർഡ്’ രൂപത്തിലേക്ക് മാറുകയും പെട്രോൾ ബാങ്കുകളിൽ ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഒരേസമയം ടോളിനും ഇന്ധനത്തിനും ഉപയോഗിക്കാമെന്നതിനാൽ പ്രചാരം കിട്ടാൻ സാധ്യത കൂടുതലാണെന്നും കരുതുന്നു.

Content Highlights: FASTag Toll plaza