: ദേശീയപാതകളിലെ ടോൾപിരിവിന് ഫാസ്ടാഗ് ഏർപ്പെടുത്തിയതിന്റെ ആദ്യദിനത്തിൽ മിക്കയിടങ്ങളിലും കണ്ടത് ആശയക്കുഴപ്പം. 25 ശതമാനം വാഹനങ്ങൾ മാത്രമാണ് ടാഗ് പതിപ്പിച്ചതെന്നാണ് അധികൃതർ നൽകുന്ന കണക്ക്. വൈറ്റിലയ്ക്കും അരൂരിനും ഇടയിലുള്ള കുമ്പളം പ്ലാസയിലെ എട്ടുവരികളിൽ രണ്ടെണ്ണം മാത്രമാണ് ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങൾക്കായി ക്രമീകരിച്ചത്. ബാക്കി ആറു ട്രാക്കുകളിലൂടെയും ടാഗ് ഇല്ലാതെയാണ് വാഹനങ്ങൾ കടത്തിവിട്ടത്.
ഇരട്ടിത്തുക ടാഗ് ട്രാക്കിൽമാത്രം
ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങൾക്കുമാത്രമായുള്ള ട്രാക്കിലൂടെ ടാഗ് ഇല്ലാത്ത വാഹനങ്ങൾ വന്നാൽ ഇരട്ടിത്തുക ഈടാക്കും. ആദ്യദിനത്തിൽ ഈനിയമം അത്ര കർശനമായി പലയിടത്തും നടപ്പാക്കിയില്ല. ഫാസ്ടാഗിനായി ക്രമീകരിച്ച ട്രാക്കുകളുടെ സൂചനാബോർഡുകൾ പ്രദർശിപ്പിച്ചിരുന്നു. ട്രാക്കു തെറ്റിച്ചെത്തിയ വാഹനങ്ങൾക്ക് താക്കീത് നൽകി വിട്ടയച്ചു. എന്നാൽ മനഃപൂർവം ട്രാക്കു തെറ്റിച്ച വാഹനങ്ങൾക്ക് ഇരട്ടിത്തുക ഈടാക്കിയെന്നും അധികൃതർ പറഞ്ഞു.
കാശുപോയ ‘ലോക്കൽസ്’
‘നാട്ടുകാരനെന്ന നിലയിൽ എനിക്കു ടോൾപ്ലാസയിലൂടെ ഇതുവരെ സൗജന്യമായി കടന്നുപോകാൻ കഴിയുമായിരുന്നു. ഫാസ്ടാഗ് എടുത്തതോടെ യാത്രയിൽ കാശുപോകുകയാണ്...’ ടോൾപ്ലാസയിലൂടെ കടന്നുവന്ന കുമ്പളം സ്വദേശി അൻസാദ് പറഞ്ഞു. 250 രൂപ നൽകിയാണ് അൻസാദ് ടോൾപ്ലാസ ഓഫീസിൽനിന്ന് കാർഡ് വാങ്ങിയത്. 50 രൂപ സർവീസ്ചാർജായി ഈടാക്കി ബാക്കി 200 രൂപ അക്കൗണ്ടിലുണ്ടെന്നുമാണ് അറിയിപ്പുവന്നത്. സൗജന്യമായി കടന്നുപോകാമായിരുന്ന ടോൾപ്ലാസയിലൂടെ ഞായറാഴ്ച ഉച്ചയ്ക്ക് 12.39-ന് കടന്നുപോയ അൻസാദിന് ഉച്ചയ്‌ക്ക് 2.27-ന് വന്ന ഫോൺ മെസേജ് പ്രകാരം 35 രൂപ പോയി.
നാട്ടുകാരുടെ ചീത്തകേൾക്കുന്നവർ
ആദ്യദിനത്തിൽ ‘വയറുനിറച്ച്’ ചീത്തകേട്ടതിന്റെ സങ്കടത്തിലായിരുന്നു ടോൾപ്ലാസയിലെ ജീവനക്കാർ. ‘ഫാസ്ടാഗ് രാജ്യത്തു കൊണ്ടുവന്ന നിയമമാണ്. അതുനടപ്പാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. എന്നാൽ ടോളിനെ എതിർക്കുന്ന നാട്ടുകാർ ചീത്തപറയുകയാണ്. ഗതാഗതം സൗകര്യപ്രദമായി നടപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പക്ഷേ അതൊന്നും നാട്ടുകാർ കാണുന്നില്ല. രാവിലെ മുതൽ ആളുകൾ ചീത്തപറയുകയാണ്.. കാലുവെട്ടുമെന്നുവരെ ചിലർ പറഞ്ഞു’ ടോൾപ്ലാസ സി.ഇ.ഒ. സഹദേവ് പറഞ്ഞു.
പ്രശ്നങ്ങൾതീരാനുണ്ട്
ലോക്കൽപാസ് ഉള്ളവരുടെ കാര്യത്തിലാണ് ഇനിയും വ്യക്തത വരാനുള്ളത്. അവരുടെ അക്കൗണ്ടിൽനിന്ന് പോകുന്ന പണം തിരികെക്കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമോയെന്ന് വ്യക്തമല്ല. ആധാർകാർഡ്, പാൻകാർഡ്, വാഹനത്തിന്റെ ആർ.സി. എന്നിവയുടെ പകർപ്പ് നൽകി പലരും അപേക്ഷ നൽകിയിട്ടുണ്ട്. ടാഗ് വാങ്ങി പോക്കറ്റിലിട്ടുനടന്നാൽ ഓരോതവണ ടോൾപ്ലാസ കടക്കുമ്പോഴും കാശുപോകും.