കണ്ണൂർ: പതിവിലും നീണ്ട ഇത്തവണത്തെ തുലാവർഷം ചൊവ്വാഴ്ച പിൻവാങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കൻ കാറ്റിന്റെ ഗതി കണക്കാക്കിയാണ് പ്രവചനം. അമിത മഴ കാരണം വലഞ്ഞ കർഷകർക്ക് ഇത് ആശ്വാസമായി. ജനുവരി ഒന്നുമുതൽ 18 വരെ കേരളത്തിൽ അധികമഴയാണ് പെയ്തത്. സാധാരണ 5.5 മില്ലി മീറ്ററാരുന്നെങ്കിൽ ഇത്തവണ 104.3 മില്ലി മീറ്റർ മഴ ലഭിച്ചു.

ഡിസംബർ അവസാനംമുതൽ ജനുവരിവരെ പെയ്ത അമിതമഴ മുണ്ടകൻ കൃഷിക്കും മാവ് കൃഷിക്കും വലിയ ദോഷമാണുണ്ടാക്കിയതെന്ന് കാർഷിക സർവകലാശാല തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 31 മുതൽ ജനുവരി ആറുവരെ 886 ശതമാനം അധിക മഴ പെയ്തു. വടക്കൻ മേഖലയിലും മധ്യമേഖലയിൽ വരുന്ന പാലക്കാട്ടും ഡിസംബർ 31 മുതലുള്ള രണ്ടാഴ്ച കനത്ത മഴ പെയ്തതിനാൽ നെല്ല്, നേന്ത്രവാഴ, പച്ചക്കറി എന്നിവയ്ക്കും തോട്ടവിളകൾക്കും മാവ്, കാപ്പി കൃഷിക്കും വൻ നാശമുണ്ടായി.

മുതലമടയിൽ പതിനായിരത്തോളം ഹെക്ടറിലെ മാമ്പഴക്കൃഷിയിൽ 3000-4000 ഹെക്ടറിലെ കൃഷിയെ നവംബർ മുതലുള്ള അസാധാരണ കാലാവസ്ഥ സാരമായി ബാധിച്ചു. പൂവും കണ്ണിമാങ്ങയും വ്യാപകമായി കൊഴിഞ്ഞു. ഇവിടെ ഫെബ്രുവരിമുതൽ വിളവെടുപ്പ് നടക്കേണ്ടതായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ഏപ്രിലിലേക്ക് നീളും. അസാധാരണ കാലാവസ്ഥ കാരണം കീടങ്ങളുടെ ആക്രമണവും കൂടുതലാണ്. ഇടയ്ക്കിടെ മഴ പെയ്തതിനാൽ കീടനാശിനി തളിക്കാനും കഴിഞ്ഞില്ല.

തെക്കൻ മേഖലയിൽ നെൽക്കൃഷിക്ക് വൻ നാശം നേരിട്ടെന്നും ശക്തമായ മഴയിൽ വാഴകൾ നിലംപൊത്തിയെന്നും റിപ്പോർട്ട് പറയുന്നു. വയനാട്ടിൽ കാപ്പിക്കൃഷിയെയാണ് ബാധിച്ചത്. കാപ്പി ഉണങ്ങൽ പ്രയാസമായി. പൂപ്പലുകളുടെ ശല്യവും കൂടി. ഇത് ഉത്‌പാദനം കുറയാൻ ഇടയാക്കി. വടക്കൻ മേഖലയിൽ മലപ്പുറത്തെ നെൽക്കൃഷിക്കാണ് ഏറ്റവും നാശം നേരിട്ടത്. യന്ത്രങ്ങൾ ഉപയോഗിച്ച് കൊയ്ത്ത് അസാധ്യമായതിനാൽ ആളുകൾ നേരിട്ടിറങ്ങേണ്ടിവന്നു. ഇത് ചെലവ് കൂടാനിടയാക്കി.

തേൻ ഉത്പാദനം കുറയും; കപ്പയ്ക്ക് ‘കട്ട്’ കൂടും

റബ്ബറിന്റെ തളിരിലയിൽനിന്നാണ് തേനീച്ച തേൻ ശേഖരിക്കുന്നതെന്നിരിക്കെ ഈ ഇലകൾ മഴയത്ത് ചുരുണ്ട് കൊഴിഞ്ഞുപോയതിനാൽ തേൻ ഉത്‌പാദനം 10 ശതമാനമെങ്കിലും കുറയുമെന്ന് റബ്ബർ ബോർഡ് ശാസ്ത്രജ്ഞർ അറിയിച്ചു. തേനീച്ചകളുടെ വളർച്ചയെയും ഇത് ബാധിക്കും. ഇടവിട്ടുള്ള മഴയും വെയിലും കീടങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമാണെന്നും ഇതിനെ നേരിടാൻ സസ്യങ്ങൾ കൂടുതൽ വിഷാംശമുള്ള ഹൈഡ്രോസൈനിക് ആസിഡ് പോലുള്ള രാസപദാർഥങ്ങൾ ഉത്‌പാദിപ്പിക്കുമെന്നും കൃഷിശാസ്ത്രജ്ഞർ പറയുന്നു. കർഷകർ ’കട്ട്’ എന്ന് വിളിക്കുന്ന അരുചി കപ്പയിലും മറ്റും കൂടാൻ ഇത് ഇടയാക്കുമെന്ന് അവർ സൂചിപ്പിക്കുന്നു.