തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കു പിന്നാലെ കാർഷിക വിജ്ഞാന വ്യാപനരംഗത്ത് ആദ്യം ശ്രദ്ധയൂന്നിയത് ‘മാതൃഭൂമി’യാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകനു പ്രയോജനപ്പെടുന്ന വിവരങ്ങളും ലേഖനങ്ങളും ആദ്യം പുറത്തിറക്കിയത് ഫാം ഇൻഫർമേഷൻ ബ്യൂറോ ആയിരുന്നു. പിന്നീടാണ് പത്രങ്ങൾ ഇക്കാര്യം ആലോചിച്ചു തുടങ്ങിയത്. അതിൽ ആദ്യ ചുവടുവയ്‌പ്പ് നടത്തിയത് ‘മാതൃഭൂമി’യായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയർന്നുവരണം. പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും ചേർന്നുള്ള കാർഷിക സംസ്‌കൃതിയാണ് നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ ആദ്യ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആർ.ഹേലിയെ മുഖ്യമന്ത്രി ചടങ്ങിൽ ആദരിച്ചു. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സുവർണ ജൂബിലിയുടെ ഭാഗമായി കുട്ടനാട് കേന്ദ്രീകരിച്ച് കമ്യൂണിറ്റി റേഡിയോ ആരംഭിക്കുമെന്നും കാർഷിക ചലച്ചിത്രമേള തൃശ്ശൂരിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എഫ്.ഐ.ബി.യിലെ ആദ്യകാല മുതിർന്ന ഉദ്യോഗസ്ഥരെ മന്ത്രി കെ.രാജു ആദരിച്ചു. വീഡിയോഗ്രാഫി അവാർഡുദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. കൃഷിവകുപ്പ് ഡയറക്ടർ എ.ആർ.അജയകുമാർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.കെ.പ്രസാദ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്.ശ്രീകുമാർ, കാർഷികോത്പാദന കമ്മിഷണർ ദേവേന്ദ്രകുമാർ സിങ്, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ഇൻ ചാർജ് സജീവ് ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Content Highlights: farm information bureau golden jubilee; cm pinarayi vijayan appreciates mathrubhumi