കാളികാവ്: വീറുംവാശിയും നിറഞ്ഞ മത്സരം കാണാനാണ് ഒന്പതാംക്ളാസുകാരൻ ഫർഹാൻ ടിക്കറ്റെടുത്ത് കൂട്ടുകാർക്കൊപ്പം മൈതാനത്തെത്തിയത്. എന്നാൽ ടീമിന്റെ ഗോൾവല കാക്കാനാണ് അവന് നിയോഗമുണ്ടായത്. മത്സരത്തിൽ ഹീറോ ഓഫ് ദ മാച്ച് കൂടിയായ കാളികാവിലെ അഖിലേന്ത്യാതാരം മുഹമ്മദ് ഡാനിഷ് (ഡാനി) തനിക്കുകിട്ടിയ പുരസ്കാരം എതിർടീമിന്റെ രക്ഷകനായി അവതരിച്ച ഫർഹാന് കൈമാറി ആദരവ് അറിയിച്ചു.

മാളിയേക്കൽ ന്യൂക്ലാസിക് ഫുട്ബോൾ ടൂർണമെൻറിലാണ് ടീമിന്റെ മാനംകാക്കാൻ മിശിഹയായി ഒൻപതാംക്ലാസുകാരൻ ഫർഹാൻ രംഗത്തുവന്നത്. മത്സരം തുടങ്ങാനുള്ള സമയം കഴിഞ്ഞിട്ടും ഗോൾകീപ്പർ എത്താത്തതിനാൽ മൈതാനത്ത് ഇറങ്ങാൻ കഴിയാതെ വിഷണ്ണരായ ടീമിന്റെ രക്ഷകനായാണ് ഫർഹാൻ മാറിയത്.

ടിക്കറ്റെടുത്ത കളിക്കമ്പക്കാർ ബഹളംവെച്ച് തുടങ്ങിയിരുന്നു. കളിമുടങ്ങുന്നത് ടീമിനുമാത്രമല്ല ടൂർണമെൻറ് കമ്മിറ്റിക്കും നാണക്കേടാണ്. മികച്ച കളിക്കാരെ ഇറക്കാനായി ലക്ഷങ്ങളാണ് ഓരോ പ്രദേശവും ചെലവിടുന്നത്. മറ്റൊരു കളിക്കാരന്റെ കുറവാണെങ്കിൽ എങ്ങിനെയെങ്കിലും പിടിച്ചുനിൽക്കാം. ഗോളി ഇല്ലെങ്കിൽ ടീമിന് മൈതാനത്ത് ഇറങ്ങാൻ കഴിയില്ല.

ഗോൾവല കാക്കാനായി മുതിർന്ന പലരെയും സമീപിച്ചെങ്കിലും ഒരാളേയും കിട്ടാത്ത വേളയിലാണ് ഫർഹാന്റെ രംഗപ്രവേശനം.

അഖിലേന്ത്യാടീമിൽ കളിക്കുന്നവരാണ് എതിർടീമായ യുവ ആനവാരിയിലുള്ളത്. അവരുടെ വെടിയുണ്ട ഷോട്ടുകൾ അപകടകരമാകുമെന്ന് കൂട്ടുകാർ മുന്നറിയിപ്പു നൽകിയെങ്കിലും ഫർഹാൻ പിൻമാറിയില്ല. കളികാണാനെത്തിയ ഗോളിയെ കബളിപ്പിച്ച് ഗോളടിച്ചു കൂട്ടാമെന്ന എതിർടീമിന്റെ കണക്കുകൂട്ടലുകളും തെറ്റിച്ച് ഫർഹാൻ മിന്നുംപ്രകടനം കാഴ്ചവെച്ചു.

സഹകളിക്കാർക്ക് കൃത്യമായി പന്തെത്തിച്ച് തഴക്കംചെന്ന ഗോളിയെപ്പോലെ മികച്ചഫോമിലേക്ക് ഉയർന്നു. ഗ്രൗണ്ട് ഷോട്ടുകളും ബുള്ളറ്റ് ഷോട്ടുകളുമെല്ലാം അതിഗംഭീരമായി ചെറുത്തു. എതിർടീമിനു വേണ്ടി കളിച്ച കാളികാവിലെ അഖിലേന്ത്യാതാരം മുഹമ്മദ് ഡാനിഷ് (ഡാനി) പലതവണ ശ്രമിച്ചെങ്കിലും ഫർഹാനെ മറികടന്ന് ഗോൾ നേടാനായില്ല. ഒടുവിൽ ഗോൾകീപ്പറുടെ ഉയരക്കുറവ് മുതലെടുത്താണ് ലക്ഷ്യംനേടാനായതെന്ന് മത്സരത്തിൽ ഹീറോ ഓഫ് ദ മാച്ച് കൂടിയായ ഡാനി പറഞ്ഞു.

ഒടുവിൽ മത്സരത്തിൽ തനിക്കുലഭിച്ച ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം ഫർഹാന് കൈമാറി ഡാനി കുഞ്ഞുഗോളിയെ ആദരിക്കുകയായിരുന്നു.