തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപമെടുത്ത ന്യൂനമർദം ‘ഫാനി’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ ജാഗ്രതാനിർദേശം.

തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളത്തിലും കർണാടകത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ശ്രീലങ്കയുടെ തെക്കുകിഴക്കായി ന്യൂനമർദം രൂപംകൊണ്ടത്. ഇത് ശക്തിപ്രാപിച്ച് 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനം. കാറ്റ് കരയിൽ കടക്കുമോയെന്ന് വരുംദിവസങ്ങളിലെ വിശകലനത്തിലേ മനസ്സിലാക്കാനാവൂ.

ശ്രദ്ധിക്കൂ

* ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ രാത്രി മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.

* മലയോരത്തും കടൽത്തീരത്തുമുള്ള വിനോദയാത്രയും ഒഴിവാക്കണം.

* കടൽക്ഷോഭം രൂക്ഷമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച പുലർച്ചയോടെ തീരത്തെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. തീരപ്രദേശത്ത് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും. വെള്ളിയാഴ്ചമുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് തീരത്തും മീൻപിടിക്കാൻ പോകരുത്.

ഞായർ പുലർച്ചെ

ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളതീരത്തും കന്യാകുമാരിയിലും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശും. ഇത് 50 കിലോമീറ്റർവരെ വേഗം കൈവരിക്കാം. കേരളത്തിൽ മഴയ്ക്കും സാധ്യത.

തിങ്കളാഴ്ച

കാറ്റിന്റെ വേഗം 70 കിലോമീറ്റർവരെയാവും. മഴ ശക്തമാകും. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴ പെയ്യും.

ചൊവ്വാഴ്ച

ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കെത്തും. കേരളത്തിൽ ശക്തമായ മഴ.

Content Highlights: Fani Cylone; Yellow Alert in Four Districts