തിരുവനന്തപുര: ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ കനത്തമഴയും പെയ്യാം.

ചുഴലിക്കാറ്റായി രൂപപ്പെട്ടാൽ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.

ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ 27 മുതൽ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും അതിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾഉൾക്കടലിലും തമിഴ്‌നാടുതീരത്തും മത്സ്യബന്ധനത്തിന് പോകരുത്. 27-ന് പുലർച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികൾ ഏറ്റവും അടുത്തുള്ള തീരത്തെത്തണം.

വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകൾ 1.5 മീറ്റർ മുതൽ 2.2 മീറ്റർവരെ ഉയരാനും സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ധമായിരിക്കും.

ന്യൂനമർദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80-90 കിലോമീറ്റർ വേഗം കൈവരിക്കാം. തമിഴ്‌നാട് തീരത്ത് 40-50 കിലോമീറ്റർ വേഗത്തിലാകും. 30-ന് -ന്യൂനമർദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.

Content Highlights: Fani Cyclone in Tamilnadu, Chance for Heavy rain in Kerala,