കൊടുങ്ങല്ലൂര്‍: വീട്ടില്‍ കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രസാമഗ്രികളുമായി യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വീട്ടില്‍ സൂക്ഷിച്ച ഒരുലക്ഷത്തി മുപ്പത്തിയേഴായിരം രൂപയുടെ വ്യാജനോട്ടുകളും പോലീസ് പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചാംപരുത്തി പടിഞ്ഞാറുവശം എരാശ്ശേരി രാകേഷി (31)നെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് മള്‍ട്ടി കളര്‍ പ്രിന്റര്‍, സ്‌കാനര്‍, നോട്ട് കട്ട് ചെയ്യുന്ന കട്ടര്‍, ലാപ്‌ടോപ്പ്, മഷി, പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പര്‍ എന്നിവയും കണ്ടെടുത്തു. പണം പലിശയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മുദ്രപേപ്പറുകളും ആധാരത്തിന്റെ കോപ്പികളും കണ്ടെടുത്തിട്ടുണ്ട്.
 
മുകള്‍നിലയില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് കള്ളനോട്ട് അടിച്ചുവന്നിരുന്നത്. 2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. രണ്ടായിരത്തിന്റെ 64 എണ്ണം, അഞ്ഞൂറിന്റെ പതിമൂന്നെണ്ണം, അമ്പതിന്റെ അഞ്ചെണ്ണം, ഇരുപതിന്റെ പത്ത് നോട്ടുകള്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തത്. പിടിച്ചെടുത്ത നോട്ടുകളില്‍ അച്ചടി പൂര്‍ണമായ നോട്ടുകളും എ ഫോര്‍ പേപ്പറില്‍ മൂന്നെണ്ണം വീതം പ്രിന്റ് ചെയ്ത് കട്ട് ചെയ്യാത്ത നോട്ടുകളും ഉണ്ട്.

രണ്ടാഴ്ച മുമ്പാണ് കൊടുങ്ങല്ലൂരില്‍നിന്ന് ഇയാള്‍ പുതിയ കളര്‍ പ്രിന്റര്‍ വാങ്ങിയത്. വിദഗ്ധമായ രീതിയിലാണ് വിലകൂടിയ എ ഫോര്‍ പേപ്പറില്‍ നോട്ടുകള്‍ സ്‌കാന്‍ചെയ്ത് പ്രിന്റ് ചെയ്തിരുന്നത്. അമ്പതിന്റെ കള്ളനോട്ട് ഉപയോഗിച്ച് ലോട്ടറികള്‍ വാങ്ങിയതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. പ്രിന്റ് ചെയ്‌തെടുത്ത രണ്ടായിരത്തിന്റെ നോട്ട് ഉപയോഗിച്ച് സമീപത്തെ ഒരു പെട്രോള്‍ ബങ്കില്‍നിന്ന് ബൈക്കിന് പെട്രോളടിക്കാന്‍ ശ്രമം നടത്തിയിരുന്നു. പമ്പുകാര്‍ ഇത് വ്യാജനാണെന്ന് പറഞ്ഞതോടെ നോട്ട് തിരിച്ചുവാങ്ങി പോന്നുവെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച ജില്ലയിലുടനീളം ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടത്തിയ പരിശോധനയ്ക്കായിട്ടാണ് അമിതപലിശയ്ക്ക് പണം നല്‍കുന്ന ഇയാളുടെ വീട്ടില്‍ മതിലകം പോലീസ് എത്തിയത്. പരിശോധനയ്ക്കിടയിലാണ് മുകളിലെ കിടപ്പുമുറിയില്‍നിന്ന് വ്യാജനോട്ടുകള്‍ കണ്ടെത്തിയത്. വിശദപരിശോധനയില്‍ സമീപത്തെ മുറിയില്‍ നോട്ട് പ്രിന്റ് ചെയ്‌തെടുക്കുന്ന കംപ്യൂട്ടര്‍ സാമഗ്രികളും മറ്റും കണ്ടെത്തുകയായിരുന്നു.

കംപ്യൂട്ടര്‍ കോഴ്‌സുകള്‍ പാസായിട്ടുള്ള ഇയാള്‍ നാലുവര്‍ഷം ഗള്‍ഫിലായിരുന്നു. മടങ്ങിയെത്തി കോഴിക്കോട്ട് ഒരു കമ്പനിയില്‍ ജോലിചെയ്തിരുന്നു. യുവമോര്‍ച്ച സജീവപ്രവര്‍ത്തകനായ ഇയാള്‍ അഞ്ചാംപരുത്തി ബി.ജെ.പി. ബൂത്ത് പ്രസിഡന്റാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. അമ്മിണിക്കുട്ടന്‍, സി.ഐ. സി.ആര്‍. സന്തോഷ്‌കുമാര്‍, മതിലകം എസ്.ഐ. മനു വി. നായര്‍, കൊടുങ്ങല്ലൂര്‍ എസ്.ഐ. കെ.ജെ. ജിനേഷ് എന്നിവര്‍ പറഞ്ഞു.