മാന്നാർ: സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ കാരണം പുറത്തിറങ്ങാൻപറ്റാത്ത അവസ്ഥയിലായിരിക്കുകയാണു മാന്നാർ കുരട്ടിശ്ശേരി സുരഭിയിൽ സുരേഷ് കുമാറിന്റെ കുടുംബം.

കുളിമുറിയിൽ ഒളിപ്പിച്ചുവെച്ച മദ്യക്കുപ്പി ഭാര്യ അറിയാതെ എടുക്കുന്നതിനിടയിൽ മാലിന്യക്കുഴലിൽ കൈകുടുങ്ങിയ ആളിനെ അഗ്നിശമനസേന രക്ഷപ്പെടുത്തുന്നു എന്ന നിലയിലാണു വാട്‌സാപ്പിലും മറ്റു സാമൂഹികമാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചത്. ഈ അടിക്കുറിപ്പുകാരണം വീഡിയോ വൈറലായി.

എന്നാൽ, സംഭവത്തെക്കുറിച്ച് സുരേഷ്‌കുമാർ പറയുന്നത് ഇതാണ്. കഴിഞ്ഞമാസം 26-ന് രാത്രിയിൽ വീട്ടിലെ കുളിമുറിയിൽ അഴുക്കുവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നു. പ്ലംബറെ വിളിച്ചിട്ടുവരാത്തതിനാൽ സ്വയം നന്നാക്കാനിറങ്ങി. പൈപ്പിലൂടെ കൈ കടത്തിയപ്പോൾ പൈപ്പിലെ അരിപ്പയുടെ സ്റ്റീൽവളയത്തിൽ കൈ കുടുങ്ങുകയും പുറത്തെടുക്കാൻ പറ്റാതെവരുകയുംചെയ്തു. വിവരമറിഞ്ഞെത്തിയ അയൽക്കാർ മാവേലിക്കര അഗ്നിശമനസേനാ യൂണിറ്റിനെ വിവരം ധരിപ്പിച്ചു. ഇവരെത്തി കുളിമുറിയുടെ ടൈൽ ഇളക്കി സ്റ്റീൽവളയം മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇത് വീഡിയോസഹിതം അഗ്നിശമനസേനാവിഭാഗം അവരുടെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഇതിൽനിന്ന് വീഡിയോ എടുത്ത ആരോ ആണ് ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വിശദീകരണത്തോടെ പ്രചരിപ്പിച്ചത്.

വിഡിയോ പകർത്തിയ അഗ്നിശമന സേനാംഗങ്ങൾതന്നെ ഈ പ്രചാരണം നിഷേധിച്ചിട്ടുണ്ട്. ഈ വ്യാജപ്രചാരണത്തിനെതിരേ നിയമനടപടികൾക്കൊരുങ്ങുകയാണു സുരേഷ്. കൊച്ചി മെട്രോയിൽ സുഖമില്ലാതെ അവശനിലയിൽ കിടന്നയാൾ മദ്യപിച്ചുകിടക്കുകയാണെന്നും മുൻപ്‌ പ്രചാരണമുണ്ടായിരുന്നു. ഇതു പിന്നീട് ‘വികൃതി’ എന്ന സിനിമയ്ക്കു കാരണമായി.