കൊച്ചി: കേരളത്തിൽ വ്യാജ സിഗരറ്റുകളുടെ വിൽപ്പനയും ഉപയോഗവും വ്യാപിക്കുന്നു. ചൈനീസ് സിഗരറ്റെന്ന പേരിലറിയപ്പെടുന്നവയാണ് വിപണിയിൽ വ്യാപകമാകുന്നത്.
ശ്രീലങ്ക, മലേഷ്യ എന്നിവിങ്ങളിൽനിന്ന് കപ്പലിൽ തമിഴ്‌നാട്ടിലെത്തിക്കുന്ന ഇവ പിന്നീട് കേരളത്തിലേക്ക് കടത്തുകയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. നികുതിയടയ്ക്കാതെ എത്തുന്ന വ്യാജ സിഗരറ്റുകൾ സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കുന്നു. ഗുരതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇവ കാരണമാകും.
ഇടുക്കിവഴി എറണാകുളത്തെത്തിക്കുന്ന സിഗരറ്റുകൾ പെരുമ്പാവൂരിലെ രഹസ്യ സംഭരണശാലയിൽ സംഭരിക്കുന്നതായാണ് എക്സൈസിനു ലഭിച്ച വിവരം.
ആകർഷണം വിലക്കുറവ്
വിലക്കുറവുതന്നെയാണ് വ്യാജ സിഗരറ്റിന്റെ പ്രധാന ആകർഷണം. സാധാരണ സിഗരറ്റിനെക്കാൾ നിക്കോട്ടിന്റെ അളവ് ഇതിൽ പലമടങ്ങ് കൂടുതലാണ്. വിലക്കുറവിൽ കൂടുതൽ ലഹരി ലഭിക്കുന്നതിനാലാണ് ഇതിന് ആവശ്യക്കാരേറുന്നത്.
വിവിധ ഫ്ളേവറുകളും ഇതിനെ വ്യത്യസ്തമാക്കുന്നു. ഏലയ്ക്ക, കരയാമ്പൂ, പുതിന, പഴവർഗങ്ങൾ എന്നിവയുടെ സുഗന്ധത്തിൽ ഇവ ലഭിക്കും. ചെറിയ കടകൾ വഴിയും പെട്ടിക്കടകൾ വഴിയുമാണ് ഇവയുടെ വിൽപ്പന. ഏജൻറുമാരാണ് ഇവ കടക്കാർക്ക് എത്തിക്കുന്നത്. ഇരുപതിൽ താഴെ സിഗരറ്റ് പെട്ടികൾ മാത്രമേ ഒരു ദിവസം ഒരു കടക്കാരനു നൽകൂ.
നടപടിയെടുക്കും
നികുതി അടയ്ക്കാതെയും നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും എത്തുന്ന വ്യാജ സിഗരറ്റിനെതിരേ കർശന നടപടിയെടുക്കും. ഇവ എക്സൈസ് പിടിച്ചെടുക്കും. വ്യാജ സിഗരറ്റ് സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നവർ എക്സൈസിനെ അറിയിക്കണം.
-എ.എസ്. രഞ്ജിത്ത്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ
Content Highlights: fake Cigarettes increasing in Kerala