തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചവരുത്തിയവർക്കെതിരേ കെ.പി.സി.സി. അച്ചടക്കനടപടിയിലേക്ക് കടക്കുന്നു. ആദ്യപടിയായി, ഗുരുതരവീഴ്ചവരുത്തിയ 97 പേർക്കെതിരേ കാരണംകാണിക്കൽ നോട്ടീസ് നൽകും.

യു.ഡി.എഫ്. സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിക്കുക, പേരിനു മാത്രം സഹകരിക്കുകയും അണിയറയിൽ എതിർപ്രചാരണം നടത്തുകയും ചെയ്യുക തുടങ്ങി ഗുരുതരകുറ്റംചെയ്തുവെന്ന് പ്രാഥമികമായി കണ്ടെത്തിയ 97 പേർക്കാണ് നോട്ടീസ് നൽകുന്നത്. മറുപടിലഭിച്ചശേഷം അന്തിമതീരുമാനമെടുക്കും.

കെ.പി.സി.സി. നിയോഗിച്ച മേഖലാ അന്വേഷണ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നതെന്ന് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഇതിനുപുറമേ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധതലങ്ങളിൽനിന്നു ലഭിച്ച സംഘടനാപരമായതും ജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികൾ പ്രത്യേകമായി പരിശോധിക്കും.

തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ഓഫീസ് അടച്ചിടുക, സ്ഥലത്തുനിന്ന് മാറിനിൽക്കുക, പ്രവർത്തനങ്ങളിൽ സജീവമല്ലാതിരിക്കുക, ഓഫീസ് സ്വന്തംപേരിൽ നിർമിക്കുക, തിരഞ്ഞെടുപ്പ് സാമഗ്രികൾ ഉത്തരവാദിത്വത്തോടെ വിതരണം ചെയ്യാതിരിക്കുക തുടങ്ങിയവമൂലം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നതാണ് ഈ വിഭാഗത്തിൽപ്പെടുന്നവരുടെ കുറ്റം. ഇവരുടെ കാര്യത്തിൽ ഡി.സി.സി.യുടെ അഭിപ്രായവും തേടും. ഘടകകക്ഷികൾ മത്സരിച്ച ചവറ, കുന്നത്തൂർ, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലെയും കോൺഗ്രസ് മത്സരിച്ച കായംകുളം, അടൂർ, പീരുമേട്, തൃശ്ശൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് തോൽവി വിശദമായി വിലയിരുത്താൻ കെ. മോഹൻകുമാർ, പി.ജെ. ജോയി, കെ.പി. ധനപാലൻ എന്നിവരെ ചുമതലപ്പെടുത്തി.

സമാന്തരസംഘടന അനുവദിക്കില്ല

കെ.പി.സി.സി. പുനഃസംഘടനയിൽ സ്ഥാനംകിട്ടാത്തവർ സമാന്തര സംഘടന രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നത് അനുവദിക്കില്ല. സ്വാതന്ത്ര്യ ജൂബിലി ആഘോഷമെന്ന പേരിലും മറ്റും സമാന്തര സംഘടനയുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞദിവസം കാസർകോട്ട് ഇത്തരമൊരു സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ രമേശ് ചെന്നിത്തല എത്തുമെന്നറിഞ്ഞ് സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. ഡി.സി.സി. പ്രസിഡന്റാണ് പരാതി കെ.പി.സി.സി. നേതൃത്വത്തെ അറിയിച്ചത്. ഡി.സി.സി. പ്രസിഡന്റ് അറിയാത്ത പരിപാടി ജില്ലയിൽ നടക്കുന്നതിലെ അനൗചിത്യം കെ. സുധാകരൻ രമേശ് ചെന്നിത്തലയെ വിളിച്ചറിയിച്ചു. രമേശ് പരിപാടിയിൽ പങ്കെടുത്തതുമില്ല.

നടപടികളുമായി മുന്നോട്ട്

സ്ഥാനാർഥികൾക്ക് ദോഷകരമായി പ്രവർത്തിക്കുന്നതും തിരഞ്ഞെടുപ്പുകാലത്ത് മാറിനിൽക്കുന്നതും സജീവമായി പ്രവർത്തിക്കാത്തതും കർശനമായി വിലയിരുത്തി നടപടികളുമായി മുന്നോട്ടുപോകും. സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കില്ല. നേതാക്കളുടെ സേവപിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ല.-കെ. സുധാകരൻ