: സംസ്ഥാനത്ത് കഴിഞ്ഞകൊല്ലമുണ്ടായ പ്രളയവും ഇക്കൊല്ലത്തെ പേമാരിയും കൈകാര്യംചെയ്ത രീതി വിശകലനം ചെയ്ത് അമേരിക്ക കേന്ദ്രമായുള്ള മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി.) ക്രൗഡ് സോഴ്‌സിങ്ങിന് പുതിയ ആപ്ലിക്കേഷൻ തയ്യാറാക്കും.

പ്രളയം നേരിടാൻ കേരളം കൈക്കൊണ്ട മാർഗങ്ങൾ വിശകലനം ചെയ്ത് ആപ്ളിക്കേഷൻ വികസിപ്പിക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ(എസ്.ഡി.എം.എ.) ഇവർ അറിയിച്ചു. റെസ്‌ക്യുകേരള സംവിധാനത്തെ കൂടുതൽ ഫലപ്രദമാക്കാനുള്ള വഴികളാകും ഇവർ നൽകുക.

ദുരന്തസമയത്ത് തങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാൻ സംവിധാനമൊരുക്കാൻ ഫെയ്സ്ബുക്കും തയ്യാറായിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ഫെയ്സ്ബുക്ക് സഹകരിക്കുന്നുണ്ട്. കേരളം പ്രളയം കൈകാര്യം ചെയ്ത രീതി അവരെ അത്ഭുതപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർസെക്രട്ടറി ശേഖർ എൽ.കുര്യാക്കോസ് പറഞ്ഞു.

ദുരന്ത സമയത്ത് തങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് എസ്.ഡി.എം.എയെ അനുവദിക്കുന്നതിനൊപ്പം വെരിഫയർമാരെയും സന്നദ്ധപ്രവർത്തരെയും സജ്ജമാക്കും. പ്രളയ മുന്നറിയിപ്പിനും സുരക്ഷിതത്വം ഒരുക്കാനും ആവശ്യമായ ഡേറ്റനൽകും. എസ്.ഡി.എം.എ. സംഘടിപ്പിച്ച ശില്പശാലയിൽ ഏതാനും വെരിഫയർമാരെയും സന്നദ്ധപ്രവർത്തകരെയും ഫെയ്സ്ബുക്ക് പങ്കെടുപ്പിച്ചിരുന്നു.

ഹാർവാഡ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സസെക്സ്, ബ്രിസ്റ്റൾ യൂണിവേഴ്‌സിറ്റി, ജിയോളജിക്കൽ സൊസൈറ്റി ഒാഫ് അമേരിക്ക തുടങ്ങിയവയും ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങളെക്കുറിച്ച് പഠിക്കാൻ സഹകരിക്കുന്നുണ്ട്. അപകടസാധ്യത കുറയ്ക്കുന്നതിന് ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തിയുള്ള കേരളത്തിന്റെ മാർഗനിർദേശങ്ങളുടെ ചർച്ചകൾക്കായി ഐക്യരാഷ്ട സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ വക്താക്കളിൽ ഒരാളായ എഡ്വേഡ് എൻഡോപു ഡിസംബറിൽ കേരളത്തിൽ എത്തും.