തിരുവനന്തപുരം: സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാനസർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനും എം.കെ. സാനു, എം. മുകുന്ദൻ, കെ. ജയകുമാർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.
ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ആദ്യ നോവലായ ‘ആൾക്കൂട്ടം’ മുതൽ ക്രാന്തദർശിത്വത്തോടെ അവതരിപ്പിച്ച ആനന്ദിന്റെ യഥാർഥ പേര് പി. സച്ചിദാനന്ദൻ എന്നാണ്. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതിലധികം കൃതികൾ പ്രസിദ്ധീകരിച്ച അദ്ദേഹം ശില്പിയുമാണ്. 2012 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗം.
‘ഗോവർധന്റെ യാത്രകൾ’ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ‘വീടും തടവും’, ‘ജൈവമനുഷ്യൻ’ എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന കൃതിക്ക് വയലാർ അവാർഡും ലഭിച്ചു. ‘അഭയാർഥികൾ’, ‘മരണസർട്ടിഫിക്കറ്റ്’, ‘വ്യാസനും വിഘ്‌നേശ്വരനും’ തുടങ്ങിയവ മറ്റു പ്രധാന കൃതികളാണ്.
Content Highlights: Ezhuthachan Award goes to writer Anand