തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് സീബ്രാഫിഷ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്ക് തുടക്കം. എലികളെയും മുയലുകളെയും പരമാവധി ഒഴിവാക്കിയാണ് സീബ്രാഫിഷ് ഉപയോഗിച്ചുള്ള പരീക്ഷണം ആരംഭിച്ചത്. സംസ്ഥാനത്ത് സർക്കാർ മേഖലയിൽത്തന്നെ ചുരുക്കം സ്ഥാപനങ്ങളിലാണ് ഈ പരീക്ഷണം നടത്തുന്നത്. സാധാരണ അസുഖങ്ങളുടെ കാരണം, മരുന്നുകളുടെ പ്രവർത്തനങ്ങളും പാർശ്വഫലങ്ങളുമെല്ലാം അനാട്ടമി വിഭാഗത്തിൽ പരീക്ഷിക്കുന്നത് എലികളിലും മുയലുകളിലുമൊക്കെയാണ്. എന്നാൽ, ഇവയിലെ പരീക്ഷണം പൂർത്തിയാക്കാൻ ആറുമാസമെങ്കിലും വേണ്ടിവരും. മാത്രമല്ല, ഇവയെ വളർത്തുന്നതിലും പരിപാലിക്കുന്നതിലുമുള്ള ബുദ്ധിമുട്ടുകളും ഏറെയാണ്.

സീബ്രാഫിഷ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ആഴ്ചകൾ മതിയാകും. സംസ്ഥാന സർക്കാർ 27 കോടിയോളം രൂപ ചെലവഴിച്ച് പണിത മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബിലെ സീബ്രാഫിഷ് റിസർച്ച് ഫെസിലിറ്റി വിഭാഗത്തിലാണ് പരീക്ഷണങ്ങൾ. സീബ്രാഫിഷ് വളർത്തുന്നതിന് ആധുനിക സജ്ജീകരണങ്ങളോടെയുള്ള പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സീബ്രാഫിഷ് ഹൗസിംഗ് സിസ്റ്റവും പരീക്ഷണത്തിനാവശ്യമായ മൈക്രോ ഇൻജക്ടർ തുടങ്ങി വിവിധ ഉപകരണങ്ങളും മെഡിക്കൽ കോളേജിലുണ്ട്.

ജനിതകരോഗങ്ങൾ കണ്ടെത്തുന്നതിന് ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ ഈ ലാബിലൂടെ നടത്താൻ കഴിയും. സീബ്രാഫിഷ് മുട്ടകൾ വേഗത്തിൽ വിരിയുന്നതും പരിപാലനച്ചെലവ് കുറവായതിനാൽ തന്മാത്രാജനിതക വിശകലനത്തിന് അനുയോജ്യമായതിനാലും സീബ്രാഫിഷിനെ ഗവേഷകരിൽ പ്രിയങ്കരമാക്കുന്നു. മാതൃശരീരത്തിനു പുറത്തു ബീജസങ്കലനം നടത്തുകയും വികസിക്കുകയും ചെയ്യുന്നതിനാൽ ആദ്യകാലപരീക്ഷണങ്ങൾക്കും സൗകര്യപ്രദമാണ്. തിരുവനന്തപുരം ജില്ലയിലെ ചെറു അക്വേറിയങ്ങളിൽ നിന്നുപോലും സീബ്രാഫിഷ് സുലഭമായി ലഭിക്കുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഒരു ജോഡിക്ക്‌ പത്തുരൂപയാണ് ഇത്തരം അക്വേറിയങ്ങളിൽ ഈടാക്കുന്നത്. എന്നാൽ, ചെന്നൈയിൽ നിന്നും മറ്റും കൂടുതലായി വാങ്ങിയാൽ ഒരെണ്ണത്തിന് ഒരുരൂപ നിരക്കിലും ലഭിക്കും.

പുതിയ സീബ്രാഫിഷ് റിസർച്ച് ഫെസിലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പത്തോളജി വിഭാഗം മേധാവി ഡോ. ജി.കൃഷ്ണയാണ് മൾട്ടി റിസർച്ച് യൂണിറ്റിന്റെ നോഡൽ ഓഫീസർ.

Content Highlights: experiment with zebra fish