ആലപ്പുഴ: ആരോഗ്യമേഖലയിൽ ചെലവഴിക്കാത്ത ഫണ്ടുകൾ തിരിച്ചുപിടിക്കാൻ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.) നടപടിയാരംഭിച്ചു. സർക്കാർ ആശുപത്രികൾക്കും ആരോഗ്യസ്ഥാപനങ്ങൾക്കും വിവിധ സാമ്പത്തികവർഷം അനുവദിച്ച, ചെലവഴിക്കാത്ത തുകയാണു തിരിച്ചുപിടിക്കുക.

ചെലവഴിക്കാത്തതുക മുഴുവൻ ഉടൻ തിരിച്ചടയ്ക്കാൻ എല്ലാ ആരോഗ്യസ്ഥാപനങ്ങളോടും എൻ.എച്ച്.എം. കേരള നിർദേശിച്ചിട്ടുണ്ട്. ഫണ്ട് ചെലവാക്കാത്തതിനെതിരേ കേന്ദ്രസർക്കാർ നടപടി കടുപ്പിച്ചതിനെത്തുടർന്നാണ് ഇടപെടൽ.

തുക കൃത്യമായി ചെലവഴിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ എൻ.എച്ച്.എമ്മിൽ ജൂലായ് മുതൽ ഏകഅക്കൗണ്ട് സംവിധാനം ഏർപ്പെടുത്താനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഈ സംവിധാനം വരുന്നതോടെ ഓരോ സ്ഥാപനങ്ങളും ചെലവഴിക്കുന്ന തുക കൃത്യമായി സംസ്ഥാനതലത്തിൽ അറിയാനാകും.

നിലവിൽ എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസുകളുടെ അക്കൗണ്ടിലേക്കും അവിടെനിന്നു ഓരോസ്ഥാപനങ്ങളുടെയും വിവിധസ്കീമുകളിലെ അക്കൗണ്ടുകളിലേക്കുമാണ് പണം നൽകുന്നത്. ഇതിൽ എത്ര ചെലവഴിച്ചെന്ന് ആ സ്ഥാപനങ്ങൾക്കു മാത്രമേ അറിയാനാകൂ.

ഏക അക്കൗണ്ട് സംവിധാനം വരുന്നതോടെ ഫണ്ട് ചെലവഴിക്കാത്ത ആരോഗ്യസ്ഥാപനങ്ങൾക്കു ഭാവിയിൽ വിഹിതം കുറയും. ഫണ്ടുമുഴുവൻ ചെലവാക്കുന്നവർക്കു കൂടുതൽതുക ലഭിക്കുകയും ചെയ്യും.

നിർദേശമെത്തിയതോടെ ആരോഗ്യസ്ഥാപനങ്ങൾ വിവിധ സ്‌കീമുകളിൽ ചെലവഴിക്കാത്ത പണം മിച്ചമുണ്ടോയെന്നു കണ്ടെത്തി മരുന്നും ഉപകരണങ്ങളും വാങ്ങാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ചെലവഴിക്കാത്ത തുക ഉപയോഗിച്ച് മരുന്നും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനു തടസ്സമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഈമാസം 15-നകമാണ് തുകമുഴുവൻ ചെലവഴിച്ച് അക്കൗണ്ട് പൂജ്യം ബാലൻസിലേക്കു മാറ്റേണ്ടത്.

കോവിഡുഫണ്ടുകൾ തിരിച്ചുപിടിക്കില്ല

കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുക മിച്ചമുണ്ടെങ്കിൽ തിരിച്ചുപിടിക്കില്ല. കോവിഡ് വാക്‌സിനേഷൻ, കോവിഡ് പാക്കേജ്, ദുരന്തനിവാരണത്തിനായുള്ള ഫണ്ടുകൾ (എസ്.ഡി.ആർ.എഫ്.), ആരോഗ്യകിരണം പദ്ധതി എന്നിവയുടെ ഫണ്ടുകൾ തിരിച്ചുപിടിക്കുന്നതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.