തിരുവനന്തപുരം: ‘‘പ്രഖ്യാപിത നിലപാടിൽനിന്ന് ഒരു ഘട്ടത്തിലും സർക്കാർ പിന്നോട്ടുപോയിട്ടില്ല. ഈ നിമിഷംവരെ കേരളസർക്കാർ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല. ഒരാളുടെ വരവും തടഞ്ഞിട്ടില്ല. വിദേശത്തുനിന്നുള്ള മലയാളികളെ കൊണ്ടുവരുന്നതിലുള്ള നിലപാടിൽ ഒരുമാറ്റവും വന്നിട്ടില്ല’’- മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസവും ആവർത്തിച്ചു. എന്നാൽ, പ്രവാസികൾ വന്നുതുടങ്ങിയശേഷം അവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പിന്നോട്ടുപോയോ? ഇതിൽ പാളിച്ച ഉണ്ടായോ?

ആവേശത്തോടെ തുടക്കം

പ്രവാസികളുടെ വരവ് സ്വാഗതംചെയ്തത് വലിയ ആവേശത്തോടെ. ഏഴുദിവസം സർക്കാർ കേന്ദ്രങ്ങളിലും ഏഴുദിവസം വീടുകളിലുമായിരുന്നു നിരീക്ഷണം. വിമാനത്താവളങ്ങളിൽനിന്ന് സർക്കാർ ഒരുക്കിയ പ്രത്യേക ബസിൽ യാത്ര. ഇവരും സ്വന്തം വാഹനത്തിൽ പോകുന്നവരും വഴിയിൽ ഇറങ്ങുന്നുണ്ടോയെന്നു നോക്കാൻ പോലീസ്. നേരിയ പനിയുള്ളവരെപ്പോലും തൊട്ടടുത്ത സർക്കാർ ആശുപത്രികളിലാക്കി പരിശോധിപ്പിച്ച് സംശയമുള്ളവരുടെ സാംപിൾ പരിശോധിച്ച് ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക്‌ വിട്ടു.

ക്വാറന്റീൻ കേന്ദ്രങ്ങളിൽ സമൂഹ അടുക്കളകളിൽനിന്ന് സൗജന്യ ഭക്ഷണം. വസ്ത്രവും കിടക്കവിരിയും എണ്ണയും സോപ്പും ബക്കറ്റും മഗ്ഗും ടവലുമൊക്കെ തദ്ദേശ സ്ഥാപനങ്ങൾ സഘടിപ്പിച്ചു. സഹായിക്കാനും നിരീക്ഷിക്കാനും സംസ്ഥാനമാകെ നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ മുങ്ങുന്നോ എന്നറിയാൻ പോലീസ് പട്രോളിങ്. അയൽവാസിയോടുള്ള സൗഹൃദം നോക്കാതെ ഇവരെ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നിരന്തര അഭ്യർഥന. വാരിക്കോരി സൗകര്യങ്ങൾ. ഇപ്പോൾ സന്നദ്ധപ്രവർത്തനത്തിനുപോലും ആളെ കിട്ടാനില്ല. ആവേശമെല്ലാം ചോർന്നപോലെ.

സംഭവിച്ചത്

മടങ്ങിവരുന്നവരുടെ എണ്ണം പെരുകിയതോടെ ക്രമേണ എല്ലാം താളംതെറ്റി. വിവാദങ്ങൾ കാര്യമാക്കാതെ, രോഗമോ രോഗലക്ഷണമോ ഇല്ലാത്തവരെല്ലാം വീട്ടിൽ നിരീക്ഷണത്തിലാകട്ടെ എന്നായി സർക്കാർ. രോഗമുള്ളവർ കോവിഡ് കേന്ദ്രങ്ങളിലേക്കും. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് പെയ്ഡ് സംവിധാനം. ഇതിന് കടുത്ത ചട്ടങ്ങൾ. വീട്ടിൽ കഴിയാനും പെയ്ഡ് ക്വാറന്റീന് സൗകര്യമില്ലാത്തവർക്കുമായി, ഇൻസ്റ്റിറ്റ്യൂഷണൽ സംവിധാനം എന്ന സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളെല്ലാം ചുരുങ്ങി. അല്ലെങ്കിൽ ഇല്ലാതായി. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീന് ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും ചുരുക്കം പേരേയുള്ളൂവെന്നും ഇവരെ ജില്ലാതലത്തിൽ ഒറ്റ കേന്ദ്രങ്ങളിലാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിലപാട്. ഇതുണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെറുതല്ല. രോഗബാധിതർക്ക് ചികിത്സയ്ക്ക് കുറവില്ല.

ഒരേസമയം, രണ്ടരലക്ഷം പേരെ ക്വാറന്റീനിലാക്കാൻ കെട്ടിടങ്ങൾ തയ്യാറാക്കിയെന്നായിരുന്നു സർക്കാർ പറഞ്ഞത്. കണക്കുകൾ എത്രത്തോളം ശരിയായിരുന്നെന്ന ചോദ്യം ഉയരുന്നു. ജോലി നഷ്ടപ്പെട്ടും വിസാകാലാവധി തീർന്നും നിരാശരായി എത്തുന്നവർ വിമാനത്താവളങ്ങളിൽ വാഹനം ഉൾപ്പടെയുള്ള സഹായത്തിന്റെ ഊഴത്തിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്നു.

എവിടെയാണ് പാളിയത്?

ലോക്ഡൗണിലെ ഇളവിൽ സർക്കാരിന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും മുൻഗണന തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മാറി. പ്രവാസികൾ രണ്ടാമതായി. രോഗവ്യാപനം കൂടിയതോടെ ഇനി കൂടുതലൊന്നും ചെയ്യാനില്ലെന്ന് സർക്കാരും കരുതുന്നു എന്ന തോന്നൽ ജനങ്ങൾക്കുണ്ടായി.

എം.എൽ.എ.മാരടക്കമുള്ള ജനപ്രതിനിധികൾ, പ്രവാസികളുടെ പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ചകളുണ്ടായില്ല. എല്ലാം ഏതാനും ഉദ്യോഗസ്ഥർ മാത്രമിരുന്നു തീരുമാനിച്ചു എന്നതാണ് പ്രധാന പോരായ്മയായി മുതിർന്ന ഉദ്യോഗസ്ഥരിപ്പോൾ ചൂണ്ടിക്കാട്ടുന്നത്. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന തോന്നലുണ്ടാക്കി. പരിശോധന കുറവായിരുന്നപ്പോൾ എല്ലാം സുരക്ഷിതമായിരുന്നു. ഇന്നതല്ല അവസ്ഥ.