തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്ന എല്ലാവരും അവിടെനിന്ന് യാത്രതിരിക്കും മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധനയിൽനിന്ന് സർക്കാർ അയഞ്ഞു. പരിശോധനാ സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളിൽനിന്നു വരുന്നവർ സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചാൽ മതിയാകും.

ഇതിനുള്ള ചെലവ് യാത്രക്കാർത്തന്നെ വഹിക്കണം.

സാധ്യമാവുന്ന എല്ലാവരും യാത്രയ്ക്ക് 72 മണിക്കൂർമുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് നോർക്ക ഉത്തരവും പുറത്തിറങ്ങി. വ്യാഴാഴ്ചതന്നെ നിബന്ധനകൾ നിലവിൽവരും.

എല്ലാവർക്കും ആന്റിബോഡി പരിശോധന

* യാത്ര തുടങ്ങുന്ന രാജ്യത്ത് പരിശോധന നടത്താതെ എത്തുന്ന രോഗലക്ഷണമില്ലാത്തവരടക്കം എല്ലാവരെയും സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധനയ്ക്കു വിധേയരാക്കും. ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ കോവിഡ് നിർണയത്തിനുള്ള തുടർപരിശോധന നടത്തും.

* എല്ലാ രാജ്യങ്ങളിൽനിന്നും എത്തുന്നവർ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരെയും ആരോഗ്യവകുപ്പ് പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റും

* മടങ്ങിയെത്തുന്ന എല്ലാവർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധം. ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നൽകുകയും വേണം.

* നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കും.

* യാത്രക്കാർ ഉപയോഗിക്കുന്ന പി.പി.ഇ. കിറ്റുകൾ, കൈയുറ, മാസ്ക് എന്നിവ വിമാനത്താവളങ്ങളിൽനിന്ന് സുരക്ഷിതമായി നീക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിക്കും.

ഒമാൻ, ബഹ്‌റൈൻ

വിദേശത്തുനിന്നെത്തുന്ന എല്ലാവരും എൻ-95 മാസ്ക്, ഫെയ്‌സ് ഷീൽഡ്, ഹാൻഡ് ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം. ആവശ്യത്തിന് സാനിറ്റൈസറും കരുതണം.

സൗദി അറേബ്യ

പി.പി.ഇ. (പേഴ്‌സണൽ പ്രൊട്ടക്‌ഷൻ എക്യുപ്‌മെന്റ്) കിറ്റും ധരിക്കണം.

കുവൈത്ത്

പരിശോധന ഇല്ലാതെ വരുന്നവർക്കും പി.പി.ഇ. കിറ്റ് ആവശ്യമാണ്. ഇക്കാര്യം വിമാനക്കമ്പനികൾ ഉറപ്പാക്കണം.

ഖത്തർ

എഹ്ത്രാസ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരാകണം.

യു.എ.ഇ.

കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം. അവിടെ വിമാനത്താവളങ്ങൾവഴി പുറത്തേക്കു പോകുന്ന എല്ലാവർക്കും ആന്റിബോഡി പരിശോധന നടത്തുന്നുണ്ട്.