തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ എത്രതന്നെ നിഷേധിച്ചാലും വാഹനമോടിക്കുമ്പോൾ അയാൾ മദ്യപിച്ചിരുന്നെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യപിച്ചിട്ടില്ലെന്ന് പറയുന്നത് അയാൾ മാത്രമാണ്. പൂർണമായ അന്വേഷണം കഴിയുമ്പോൾ കാര്യങ്ങളെല്ലാം ബോധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ടസംഭവത്തിൽ ശ്രീറാമിനെതിരേ മുഖ്യമന്ത്രിയുടെ പ്രതികരണം.

കേസന്വേഷണത്തിലും നിയമനടപടികളിലും വെള്ളംചേർക്കാൻ ആരെയും അനുവദിക്കില്ല. അങ്ങനെയൊരു ശ്രമം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാവും.

മദ്യപിച്ചയാളുടെ രക്തത്തിൽ മദ്യത്തിന്റെ അംശം എത്ര സമയംവരെ നിൽക്കും എന്നൊന്നും എനിക്കറിയില്ല. എങ്കിലും അതില്ലാതാക്കാൻ ശ്രീറാം മറ്റെന്തെങ്കിലും മരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നതും അന്വേഷിക്കും.

മദ്യപിച്ചിരുന്നകാര്യം ശ്രീറാം നിഷേധിച്ചാലും നാടാകെ അംഗീകരിക്കുന്നുണ്ട്. മദ്യം മണക്കുന്നതായി പറഞ്ഞവരുണ്ട്. ഇനി മദ്യം കഴിച്ചില്ലെങ്കിൽപോലും അതിവേഗത്തിൽ വാഹനമോടിക്കരുതെന്ന് അയാൾക്കറിയുന്നതാണ്. എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ തലത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. കാര്യങ്ങൾ അറിയാവുന്നവർ അറിഞ്ഞിട്ടും വ്യത്യസ്തനില സ്വീകരിക്കുമ്പോൾ ഗൗരവം കൂടും.

അമിതമായ ലഹരിക്കടിപ്പെട്ട് വാഹനമോടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമികനിഗമനം. അതിവേഗമാണെന്നും മനസ്സിലാക്കാനായി. കൃത്യസമയത്ത് വൈദ്യപരിശോധന നടത്തുന്നതിലും ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തുന്നതിലും ജനറൽ ആശുപത്രിയിൽനിന്ന് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയതിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലുമുണ്ടായ വീഴ്ച പ്രത്യേകം പരിശോധിക്കും. ഇതിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. പ്രാഥമികവിവരമനുസരിച്ച് വീഴ്ചവരുത്തിയ മ്യൂസിയം എസ്.ഐ.യെ സസ്പെൻഡ് ചെയ്തു. ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകർ നൽകിയ നിവേദനം അനുഭാവപൂർവമാണ് പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഷീറിന്റെ കുടുംബത്തെ സഹായിക്കും

ബഷീറിന്റെ കുടുംബത്തെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് ആവശ്യമായ പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനാവശ്യമായ പ്രത്യേക ഇൻഷുറൻസ് പദ്ധതി മാധ്യമപ്രവർത്തകരുടെ സംഘടനയുമായി ചർച്ചചെയ്ത് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Everyone was convinced that Sriram was drunk-says cm pinarayi