തിരുവനന്തപുരം: പെട്രോളിന്റെ പകുതി വിലയുള്ള എഥനോൾ വാഹനങ്ങളിൽ ഇന്ധനമാക്കാൻ കേന്ദ്രാനുമതി. എഥനോൾ ചേർക്കുന്ന പെട്രോളിൽ അതിന്റെ അളവ് നാലു വിഭാഗങ്ങളിലായി നിശ്ചിത ശതമാനംവരെ വർധിപ്പിക്കാനും പൂർണമായും എഥനോൾ ഇന്ധനമാക്കുന്ന എൻജിനുകൾ നിർമിക്കാൻ അനുവദിക്കുന്നതുമാണ് ഭേദഗതി.

പെട്രോൾ വാഹനങ്ങളിൽ കാര്യമായ മാറ്റം വരുത്താതെ എഥനോളിലേക്ക് മാറാൻ കഴിയും. പരിസരമലീനീകരണ വ്യവസ്ഥകൾ പാലിക്കണമെന്നതാണ് പ്രധാനകടമ്പ. നിലവിൽ പെട്രോളിൽ മായം ചേർക്കാൻ എഥനോൾ ഉപയോഗിക്കുന്നുണ്ട്. ഇത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

കരിമ്പിൻ ചണ്ടിയിൽനിന്നും ധാന്യങ്ങളിൽനിന്നും ഉത്‌പാദിപ്പിക്കുന്ന എഥനോൾ, ഹരിത ഇന്ധനങ്ങളിൽപെട്ടതാണ്.

കേന്ദ്രാനുമതി ലഭിച്ചെങ്കിലും എഥനോൾ വാഹനങ്ങൾ നിരത്തിലിറങ്ങാൻ കാലതാമസമുണ്ടാകും. ഇന്ധന നിലവാരം നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിന് ആനുപാതികമായി വാഹനങ്ങളുടെ എൻജിനിലും ഇന്ധന വിതരണസംവിധാനത്തിലും മാറ്റം വരുത്തണം. നിർമിക്കുന്ന വാഹനങ്ങൾ പരിശോധിച്ച് മലിനീകരണ തോത് നിശ്ചയിച്ചശേഷമാകും അനുമതി നൽകുക. നിലവിലെ പെട്രോളിൽ ഒമ്പത്‌ ശതമാനം എഥനോൾ ഉപയോഗിക്കുന്നുണ്ട്. എഥനോളിന് 55-62 രൂപയാണ് വില. തദ്ദേശീയമായി പലരും എഥനോൾ ചേർത്ത് വാഹനങ്ങൾ ഓടിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായ മാനദണ്ഡം ഏർപ്പെടുത്തിയിരുന്നില്ല. ഇതിന് പരിഹാരമായിട്ടാണ് കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച വിജ്ഞാപനം ഇറക്കിയത്.