തിരുവനന്തപുരം: കേരളത്തിലെ ‘ഉത്തരവാദ പ്രക്ഷോഭ’ത്തെ ‘ഉത്തരവാദിത്വമുള്ള കേരള ഗവൺമെന്റിനെപ്പറ്റിയുള്ള പ്രക്ഷോഭ’മെന്നാണ് പി.എസ്.സി. തർജമ ചെയ്തത്. രാജ്യത്തെ നിശ്ചലമാക്കിയ ‘എമർജൻസി’യെന്ന അടിയന്തരാവസ്ഥയ്ക്ക് ‘അത്യാഹിത’മെന്നാണ് ചോദ്യക്കടലാസിലുള്ളത്. കഴിഞ്ഞ 13-ാം തീയതി നടത്തിയ ബിരുദതല പ്രാഥമിക പരീക്ഷയ്ക്കാണ് മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന തർജമ പി.എസ്.സി. പ്രയോഗിച്ചത്.

മുഗൾഭരണകാലത്തെ ‘ഭൂമി’ (ലാൻഡ്)യെക്കുറിച്ചുള്ള ചോദ്യത്തിന് ഭൂമിക്ക് പകരം ‘സ്ഥലം’ എന്നാണ് പ്രയോഗം. ‘യങ് ഫോൾഡ് മൗണ്ടൻ’എന്ന ഇംഗ്ലീഷിന് ‘ഇളം മടങ്ങ് മലനിര’ എന്നും പശ്ചിമവാതങ്ങൾ ‘അഗ്രസീവാ’ണ് എന്നതിന് ആക്രമണാസക്തം എന്നും ‘ബ്ലോസ് ത്രൂ ഫ്രിക്‌ഷൻ ഫ്രീ സർഫസ് ഓഫ് ഓഷ്യൻസ്’ (blows through friction free surface of oceans) എന്നതിന് ‘ഉരയാത്ത സമുദ്ര പ്രതലത്തിലൂടെ ചരിക്കുന്നു’ എന്നുമാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. ‘റിന്യൂവബിൾ എനർജി’ (renewable energy)യെ പുതുക്കാവുന്ന ഊർജമാക്കി.

കഴിഞ്ഞമാസം 30-ന് നടന്ന ബിരുദതല പ്രാഥമികപരീക്ഷയുടെ ആദ്യഘട്ടത്തിലും വികൃതമായ പരിഭാഷയാണ് ഉപയോഗിച്ചത്. ‘നാഷണൽ ഇന്റഗ്രേഷൻ’ എന്നത് ‘ദേശീയ സംയോജന’മെന്നും ‘വാല സമുദായം’ എന്നത് വള സമുദായമെന്നും ഉപരിസഭയെന്നത് ‘അപ്പർ ചേംബർ’ എന്നും കംപ്യൂട്ടർ സി.പി.യു.വിലെ ‘ഹൈ സ്പീഡ് സ്റ്റോറേജ് ഏരിയ’ ‘താത്കാലിക ദ്രുതവേഗ സംഭരണ സ്ഥല’മെന്നുമായിരുന്നു പ്രയോഗം.

ബിരുദതല പരീക്ഷകൾക്ക് ഇംഗ്ലീഷിനൊപ്പം അവയുടെ മലയാളം പരിഭാഷ കൂടി നൽകുന്ന പരിഷ്കാരം ആദ്യമായാണ് പി.എസ്.സി. നടപ്പാക്കുന്നത്. ചോദ്യപുസ്തകത്തിന്റെ ഒരു പേജിൽ ഇംഗ്ലീഷിലും മറുപേജിൽ മലയാളത്തിലുമാണ് ചോദ്യങ്ങൾ അച്ചടിച്ചത്. വിവർത്തന സോഫ്റ്റ്‌വേറുകളുടെ സഹായത്തോടെ പരിഭാഷ തയ്യാറാക്കിയതിന്റെ കുഴപ്പമാണുണ്ടായതെന്നാണ് ഉദ്യോഗാർഥികൾ സംശയിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണത്തിന് പി.എസ്.സി. തയ്യാറായിട്ടില്ല.

ചോദ്യങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുകയാണ് പ്രധാനമെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗാർഥികൾ കണ്ടതിനുശേഷമാണ് ചോദ്യങ്ങൾ പി.എസ്.സി.യുടെ ശ്രദ്ധയിൽ വരുന്നത്. ചോദ്യങ്ങളുടെ അർഥം, തർജമ എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ ആധാരമാക്കണമെന്ന് പരീക്ഷാർഥികൾക്കുള്ള നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പി.എസ്.സി. അധികൃതർ അറിയിച്ചു.

Content Highlights: error in translation in psc exam