കോട്ടയം: ഇൗരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസപ്രമേയത്തിൽ വെട്ടിലായി സി.പി.എമ്മും ഇടത് പക്ഷവും. എസ്.ഡി.പി.ഐ.യോട് ചേർന്ന് യു.ഡി.എഫിനെതിരായ അവിശ്വാസം പാസാക്കിയെടുത്തതോടെ എതിരാളികൾ സി.പി.എമ്മിനെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നു. അഭിമന്യുവധം അടക്കമുള്ളവയുമായിട്ടാണ് കോൺഗ്രസ് ആക്രമണത്തിനിറങ്ങിയത്. പ്രതിരോധത്തിലായ പാർട്ടിയെ കൈപിടിക്കാൻ മന്ത്രി വി.എൻ.വാസവൻ രംഗത്ത്് വന്നു.

എസ്.ഡി.പി.ഐ.യുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായതെങ്കിലും അവരുമായി ഒരു ബന്ധവുമില്ലെന്ന് വാസവൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് തവണ എസ്.ഡി.പി.ഐ.പിന്തുണച്ച് സി.പി.എമ്മിന് ചെയർമാൻപദം കിട്ടിയപ്പോഴും രാജിവെച്ചിരുന്നു. ബന്ധമുണ്ടായിരുന്നുവെങ്കിൽ ഭരണത്തിൽ തുടരുമായിരുന്നു. ചെയർമാൻ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ അവരുടെ പിന്തുണനേടി ഭരണം പിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണിക്ക് പുറത്ത് എസ്.ഡി.പി.ഐ.യുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സി.പി.എം. പ്രാദേശികനേതൃത്വവും വ്യക്തമാക്കി. വോട്ട് ചെയ്തത് അവർ സ്വയം തീരുമാനിച്ചതുമൂലമാകാം. ഏകാധിപത്യനിലപാടുകൾക്കെതിരായ നടപടി എന്ന നിലയിലാണ് ഇടത് പ്രമേയത്തെ പിന്തുണച്ചതെന്ന് എസ്.ഡി.പി.ഐ.യും വ്യക്തമാക്കി.

അഭിമന്യുവിനെ മറന്നാണ് സി.പി.എം. മുന്നോട്ട് പോകുന്നതെന്ന് ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ആ കുട്ടിയുടെ കുടുംബത്തോട് പാർട്ടി എങ്ങനെ വിശദീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.