മട്ടനൂർ: പ്രസംഗത്തിനിടെ മന്ത്രി ഇ.പി.ജയരാജന് വീണ്ടും നാക്ക് പിഴച്ചു. വിമാനത്താവളത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട കർമസമിതിയുടെ അന്നത്തെ സെക്രട്ടറി പേരാവൂർ എം.എൽ.എ. ആയിരുന്ന കെ.ടി.കുഞ്ഞഹമ്മദ് ആണെന്ന് ജയരാജൻ സൂചിപ്പിച്ചപ്പോൾ ‘അന്തരിച്ച’ എന്ന് ചേർത്താണ് പറഞ്ഞത്. പിന്നീട് വേദിയിൽനിന്ന് എ.എൻ.ഷംസീർ എം.എൽ.എ.യാണ് അബദ്ധം വ്യക്തമാക്കി കുറിപ്പ് നൽകിയത്. കുഞ്ഞഹമ്മദ് ജീവിച്ചിരിപ്പുണ്ടെന്ന് പ്രസംഗത്തിന്റെ അവസാനം പറഞ്ഞ് ജയരാജൻ തെറ്റുതിരുത്തി.

ക്ഷണിക്കാത്തതിനേക്കാൾ പരിഭവം പരേതനാക്കിമാറ്റിയതിൽ -കെ.ടി.കുഞ്ഞഹമ്മദ്

പാനൂർ: വിമാനത്താവളത്തിന്റെ ഉദ്ഘാടനപരിപാടിയിൽ ക്ഷണിക്കാത്തതിനേക്കാൾ കൂടുതൽ പരിഭവം പരേതനാക്കി മാറ്റിനിർത്തിയതിനാലാണെന്ന് മുൻ എം.എൽ.എ. കെ.ടി.കുഞ്ഞഹമ്മദ് പറഞ്ഞു. വിമാനത്താവളത്തിന്റെ കർമസമിതി കൺവീനറും മുൻ എം.എൽ.എ.യുമായ കെ.ടി.കുഞ്ഞഹമ്മദിനെ ഉദ്ഘാടന പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല. മന്ത്രി ജയരാജന് വിമാനത്താവള നിർമാണവുമായി ഒരു ബന്ധവുമില്ലെന്നും അതിന്റെ ചരിത്രത്തെക്കുറിച്ച് അറിയില്ലെന്നും കുഞ്ഞഹമ്മദ്‌ പറഞ്ഞു.

Content Highlights: ep jayarajan- kt kunjahammed