കണ്ണൂർ: തണുപ്പും കാറ്റും ചൂടുകുറവുമായി കേരളത്തിലെ കാലാവസ്ഥാ കലണ്ടറിൽ മാറ്റം. വേനൽച്ചൂടിന്റെ തുടക്കം പ്രതീക്ഷിച്ചിടത്ത് ഇപ്പോൾ മഞ്ഞിന്റെ തണുപ്പാണ്. നെല്ലിനും ശൈത്യകാലവിളകൾക്കും ഗുണംകിട്ടുമ്പോൾ കുട്ടികളിൽ ഇത് ആരോഗ്യപ്രശ്‌നം ഉണ്ടാക്കുന്നു.

പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുപ്രകാരം 19.2 ഡിഗ്രി സെൽഷ്യസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില. തണുപ്പുമാസങ്ങളുമായി ഒത്തുനിൽക്കുന്ന താപനിലയാണിത്. ഡിസംബറിൽ ഇത് 17 ഡിഗ്രി സെൽഷ്യസും ജനുവരിയിൽ 19 ഡിഗ്രിയും ആയിരുന്നു. 55 ശതമാനമാണ് ഇപ്പോഴത്തെ ആപേക്ഷിക ആർദ്രത. 33 ഡിഗ്രി സെൽഷ്യസ് ആണ് കൂടിയ താപനില. കാറ്റുവീശുന്നതിനാൽ ചൂട് അറിയുന്നില്ല.

ഉത്തരധ്രുവത്തിൽനിന്നുള്ള ശീതക്കാറ്റ് നിമിത്തമാണ് കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നതെന്ന് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം കാലാവസ്ഥാ വിഭാഗത്തിലെ ഡോ. പി.കെ. രതീഷ് പറഞ്ഞു.

ഗുണവും ദോഷവും

ശീതകാലവിളകളായ കാബേജ്, കോളിഫ്ളവർ തുടങ്ങിയവയ്ക്ക് ഈ തണുത്ത മാറ്റം ഗുണകരമാണ്. നല്ല വിളവ് കിട്ടും. തണുപ്പ് ഇനിയും കൂടിയാൽ തെങ്ങ് അടക്കമുള്ള വിളകളുടെ പരാഗണത്തെ ബാധിക്കും.

കുട്ടികളിൽ ഇത്തരം കാലാവസ്ഥാമാറ്റം ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഇടവരുത്തുമെന്ന് ശിശുരോഗ വിദഗ്ധൻ ഡോ. പി. സുരേശൻ പറഞ്ഞു.

ഇപ്പോഴുള്ള മഞ്ഞിന്റെ തണുപ്പ് നെല്ലിന് വെള്ളത്തിന്റെ സ്പർശം നൽകുന്നതിനാൽ ഗുണകരമാണെന്ന് ഡോ. ടി. വനജ പറഞ്ഞു. പാടങ്ങളിലെ വരൾച്ചനിമിത്തം പലയിടത്തും വെള്ളംകിട്ടാത്ത അവസ്ഥയാണ്.